Currency

ഒമാനില്‍ പൊതുഗതാഗത സംവിധാനം വിപുലപ്പെടുത്താന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Wednesday, May 24, 2017 8:11 am

നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസും ജലടാക്സി (സീ ടാക്സി) സര്‍വീസുമടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുക. രാജ്യത്ത് 7000 പുതിയതൊഴിലവസരങ്ങളാണ് പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ സൃഷ്ടിക്കപ്പെടുന്നത്.

മസ്‌കത്ത്: ഒമാനില്‍ പൊതുഗതാഗത സംവിധാനം വിപുലപ്പെടുത്തി 2025 വരെ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചു. പദ്ധതികള്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹമ്മദ് അല്‍ ഫുതൈസിയാണ് പ്രഖ്യാപിച്ചത്. നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസും ജലടാക്സി (സീ ടാക്സി) സര്‍വീസുമടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുക. രാജ്യത്ത് 7000 പുതിയതൊഴിലവസരങ്ങളാണ് പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ സൃഷ്ടിക്കപ്പെടുന്നത്.

കാറുകള്‍ക്കു പകരം പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക വഴി ഗതാഗതക്കുരുക്കും തിരക്കും ഒഴിവാക്കുന്നതിനോടൊപ്പം പൊതുഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി രണ്ടുഘട്ടങ്ങളിലായാണ് നടപ്പാക്കുക. മസ്‌കത്തിനു പുറമെ മറ്റു നഗരങ്ങളിലേക്കും പദ്ധതി നടപ്പാക്കും.

ബസ് സര്‍വീസുകള്‍ കൂടാതെ ടാക്സി സേവനങ്ങള്‍ നിയമപ്രകാരം ക്രമപ്പെടുത്തുന്നതും ബസ് സ്റ്റോപ്പുകളടക്കം അടിസ്ഥാനസൗകര്യ വികസനങ്ങളുമാണ് ആദ്യഘട്ട പദ്ധതിയിലൂടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ഗതാഗത സംവിധാനത്തെ നിരീക്ഷിക്കുന്നതിന് കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള മാനദണ്ഡങ്ങളും നിയമനിര്‍മാണവും നടത്തുകയും ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x