
മസ്കത്ത്: ഒമാന്‍ എയര്‍ ഒരു യാത്രക്കാരന് ഒറ്റ ലഗേജ് എന്ന നിബന്ധനയില്‍ മാറ്റംവരുത്തുന്നു. പുതിയ നടപടിയുടെ ഭാഗമായി റമദാനില്‍ അനുവദനീയമായ 30 കിലോ രണ്ട് പെട്ടികളിലായി കൊണ്ടുപോകാമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ ജൂണ്‍ 27 വരെയാണ് ഈ അനുമതി പ്രാബല്യത്തിലുണ്ടാകുമെന്ന് ഒമാന്‍ എയറിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരി മുതലാണ് ദേശീയ വിമാന കമ്പനി ലഗേജ് നയത്തില്‍ മാറ്റം വരുത്തി യാത്രക്കാരന് അനുവദനീയമായ 30 കിലോ ഒറ്റപെട്ടിയിലാക്കി കൊണ്ടുപോകാന്‍ മാത്രമാക്കി അനുമതി നല്‍കിയത്. 20 കിലോ വരെയുള്ള അധിക ലഗേജും ഒറ്റപെട്ടിയിലായിരിക്കണം. ഈ അധിക ലഗേജിന് 20 റിയാലാണ് ചുമത്തിയിരുന്നത്. അധിക ലഗേജ് ഒരു കിലോയായാലും 20 റിയാല്‍ തന്നെ നല്‍കുകയും വേണം. അതേസമയം ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കും, ഗോള്‍ഡ്, സില്‍വര്‍, സിന്ദ്ബാദ് കാര്‍ഡുള്ള ബിസിനസ്, ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കും അധിക ലഗേജ് സൗജന്യമായിരുന്നു.
കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്കും കുട്ടികളുമായി പോകുന്ന സ്ത്രീകള്‍ക്കുമെല്ലാം ഒറ്റ ലഗേജ് എന്ന തീരുമാനം ബുദ്ധിമുട്ടായിത്തീര്‍ന്നു. ഉംറ യാത്രക്കാരായ വൃദ്ധരും ഏറെ പ്രയാസപ്പെട്ടിരുന്നു. തുടര്‍ന്ന് പലരും ഒമാന്‍ എയറിലെ യാത്ര ഒഴിവാക്കാന്‍ തുടങ്ങിയതോടെയാണ് കമ്പനി തീരുമാനം പുനഃപരിശോധിക്കാന്‍ ഒരുങ്ങിയത്. നിലവില്‍ ഒരുമാസത്തേക്കാണ് നിബന്ധനയില്‍ ഇളവ് വരുത്തിയിട്ടുള്ളതെങ്കിലും ജൂലൈയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കും രണ്ട് ലഗേജ് എന്ന ആനുകൂല്യം ലഭിക്കുന്നുണ്ട്. ഒറ്റലഗേജ് നിബന്ധന സ്ഥിരമായി ഒഴിവാക്കാന്‍ തന്നെയാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.