Currency

ഒമാനില്‍ ആദ്യ വന്‍കിട കാറ്റാടിപ്പാടം വരുന്നു

സ്വന്തം ലേഖകന്‍Saturday, June 3, 2017 11:23 am

മസ്‌കത്ത്: വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹര്‍വീലില്‍ വരുന്ന ഒമാനിലെ ആദ്യ വന്‍കിട കാറ്റാടിപ്പാടം 2020 ഓടെ പ്രവര്‍ത്തന സജ്ജമാകും. പദ്ധതി പ്രകാരം 25 കാറ്റാടികളാണ് സ്ഥാപിക്കുക. ഇതില്‍നിന്ന് അമ്പത് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒമാന്‍ പവര്‍ ആന്‍ഡ് വാട്ടര്‍ പ്രൊക്യുര്‍മന്റെ് കമ്പനിയുടെ ഏഴുവര്‍ഷത്തെ കര്‍മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. റൂറല്‍ ഏരിയാസ് ഇലക്ട്രിസിറ്റി കമ്പനി (റായ്‌കോയും) മസ്ദറും ചേര്‍ന്നാണ് പദ്ധതി വികസിപ്പിച്ചെടുക്കുന്നത്. പുനരുപയോഗിക്കുന്ന ഊര്‍ജഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മിഡിലീസ്റ്റിലെ പ്രമുഖ സ്ഥാപനമാണ് മസ്ദറും. ഈ വര്‍ഷം തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം.

രണ്ടു ലക്ഷം സ്‌ക്വയര്‍മീറ്ററിലാകും പദ്ധതി യാഥാര്‍ഥ്യമാവുക. ദോഫാര്‍ ഗവര്‍ണറേറ്റില്‍ തണുപ്പുകാലത്ത് ആവശ്യമായ വൈദ്യുതിയുടെ പകുതിയോളം ഇതില്‍നിന്ന് ഉല്‍പാദിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടലുകള്‍. കൂടാതെ 200 മെഗാവാട്ട് ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതോല്‍പാദന പദ്ധതിയുടെ ടെന്‍ഡറിങ് നടപടികളും ഈ വര്‍ഷം തന്നെ നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x