
ദോഹ: എഴുപതിലധികം ദിവസം നീളുന്ന ഏറ്റവും വലിയ ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന് (ക്യു.എസ്.എഫ്.) വ്യാഴാഴ്ച തുടക്കമാകും. ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ (ക്യു.ടി.എ.) നേതൃത്വത്തിലാണ് സമ്മര്‍ ഫെസ്റ്റ് നടത്തുന്നത്. ജൂണ്‍ 22-ന് ആരംഭിക്കുന്ന മേള സെപ്റ്റംബര്‍ അഞ്ചുവരെ നീളുന്നതാണ്. ഷോപ്പിങ്, ഹോട്ടല്‍ പ്രമോഷനുകള്‍, തല്‍സമയ വിനോദ പരിപാടികള്‍, സവാരികള്‍, ഗെയിമുകള്‍ തുടങ്ങി മാസങ്ങള്‍ നീളുന്ന ഉത്സവാന്തരീക്ഷമാണ് രാജ്യത്ത് വരുന്നത്.
നിങ്ങളുടെ വേനലിന് നിറം നല്‍കൂ എന്ന പ്രമേയത്തിന് കീഴിലാണ് നാലാമത് സമ്മര്‍ ഫെസ്റ്റ് അരങ്ങേറുന്നത്. രാജ്യത്തെ ചെറുകിട വിപണിമുതല്‍ ഹോട്ടല്‍ മേഖലയിലും ടൂറിസം രംഗത്തുമെല്ലാം ഉണര്‍വ് നല്കുന്ന ദേശീയ തലത്തിലുള്ള ആഘോഷമാണ് വേനല്‍ക്കാല ആഘോഷം. ഇത്തവണത്തെ മേളക്കിടെ ഈദുല്‍ ഫിത്തറും ഈദ് അല്‍ അഥയും കൂടി എത്തുന്നതോടെ മേളയ്ക്ക് കൂടുതല്‍ തിളക്കമേറുമെന്നതോടൊപ്പം പ്രാദേശിക വിപണിയും സജീവമാകും.
ഈദ് ആഘോഷവും വേനല്‍ ആഘോഷവും ഒരുമിച്ചായതിനാല്‍ വിനോദവും ഷോപ്പിങും ഹോട്ടല്‍ ഓഫറുകളുമെല്ലാം രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കും. ഷോപ്പിങ് പ്രമോഷനുകള്‍ മേളയുടെ ആദ്യദിനമായ ജൂണ്‍ 22-ന് തുടങ്ങുമെങ്കിലും ആഘോഷപരിപാടികള്‍ ജൂണ്‍ 26-മുതലാണ്. ക്യു.ടി.എ.യുടെ പിന്തുണയിലും മാര്‍ഗനിര്‍ദേശത്തിലും സ്വകാര്യമേഖലയാണ് മേള നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.