
ദോഹ: സല്‍വ റോഡിലെ ഇന്റര്‍ ചെയ്ഞ്ച് നമ്പര്‍ 24ല്‍ മള്‍ട്ടി ലെവല്‍ ഇന്റര്‍ ചെയ്ഞ്ചിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇന്നു മുതല്‍ 40 ദിവസത്തേക്കാണു ഗതാഗത നിയന്ത്രണമുണ്ടാകുക.
മൂന്നു ഘട്ടങ്ങളിലായാണു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക. ഓരോ ഘട്ടത്തിലും വാഹനങ്ങള്‍ ഇരു ഭാഗത്തേക്കും പോകാന്‍ സമീപ റോഡുകള്‍ സജ്ജമാക്കും. നാലു വരി പാതയ്ക്കു പകരം മൂന്നു വരി പാതയിലൂടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ. വേഗം 120 കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്ററായി കുറയ്ക്കും.
എഫ് റിങ് റോഡിലും നിയന്ത്രണം: എഫ് റിങ് റോഡിനെയും വഖ്റ ബൈപാസിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനെ ുടര്‍ന്ന് ഈ റോഡിലും ഇന്നലെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എഫ് റിങ് റോഡ് വഴി ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകുന്ന വാഹനങ്ങള്‍ 1850 മീറ്റര്‍ ദൂരത്തില്‍ മൂന്നു വരി സമാന്തര പാത ഉപയോഗിക്കണം. ഇവിടെ വേഗ പരിധി 80 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.
കത്താര ജംക്ഷന് ട്രാഫിക് സിഗ്നല്‍ അടയ്ക്കും: ലുസെയ്ല്‍ എക്സ്പ്രസ്വേയിലെ മൂന്നു തല ഇന്റര്‍ചെയ്ഞ്ച് സജ്ജമാക്കുന്നതിനു വേണ്ടി കത്താര ജംക്ഷന് ട്രാഫിക് സിഗ്നല്‍ അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. നാളെ മുതല്‍ ആറു മാസത്തേക്കാവും നിയന്ത്രണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.