Currency

ഉപരോധം നീക്കുന്നതിന് ഏത് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറെന്ന് ഖത്തര്‍

സ്വന്തം ലേഖകന്‍Saturday, July 22, 2017 12:10 pm

ദോഹ: ഉപരോധം നീക്കുന്നതിന് ഏത് തരത്തിലുള്ള നയതന്ത്രചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനി. എന്നാല്‍ രാജ്യത്തിന്റെ അന്തസും അഭിമാനവും പണയം വെക്കില്ലെന്നും ഖത്തറിന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള പരിഹാരമാര്‍ഗങ്ങളാവണം ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീര്‍.

ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് അമീറിര്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്തിനെതിരെ മുന്‍പില്ലാത്തവിധം വിദ്വേഷപരമായ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത് മുന്‍കൂട്ടി നിശ്ചയിച്ചതാണ്. പരീക്ഷണഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോയതെന്നും അതിനെ അതിജീവിച്ചിരുക്കുന്നുവെന്നും ശൈഖ് തമിം പറഞ്ഞു. പ്രതിസന്ധിയില്‍ ഒപ്പം നിന്ന രാജ്യങ്ങളെ അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ചു. മധ്യസ്ഥശ്രമങ്ങള്‍ക്ക് മുന്നിട്ട കുവൈത്തിനെയും പിന്തുണ നല്‍കിയ യുഎസ്, തുര്‍ക്കി ജര്‍മനി തുടങ്ങിയ രാജ്യങ്ങളെയും പ്രകീര്‍ത്തിച്ചു. രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രവാസികളെയും ഖത്തരി പൗരന്‍മാരെയും അഭിനന്ദിച്ചു.

സൗദി നേതൃത്വം നല്‍കുന്ന അറബ് രാജ്യങ്ങള്‍ ജൂണ്‍ അഞ്ചിനായിരുന്നു ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നും അറബ് രാജ്യങ്ങളുടെ പൊതു ശത്രുവായ ഇറാനുമായി ബന്ധം സ്ഥാപിക്കുന്നുവെന്നും ആരോപിച്ചാണ് ഉപരോധം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x