
ദോഹ: രാജ്യത്തെ ഭീകരത വിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി വിജ്ഞാപനം പുറപ്പെടുവിച്ചു. ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിയമം പ്രാബല്യത്തിലാകുമെന്നു ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഭീകരതയുടെ നിര്‍വചനം, ഭീകര പ്രവര്‍ത്തന കുറ്റകൃത്യം, ഭീകരവാദത്തെ അംഗീകരിക്കല്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കല്, തുടങ്ങിയവ സംബന്ധിച്ചു വിശദീകരിക്കുന്നതാണു പുതിയ വിജ്ഞാപനം. ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സംഘടനകളുടെയും പട്ടിക തയാറാക്കല്‍, ഇത്തരക്കാര്‍ക്ക് മേല്‍ ചുമത്തേണ്ട നിയമ നടപടികളെ സംബന്ധിച്ച വിശദീകരണം എന്നിവയും പുതിയ നിയമത്തിന്റെ പരിധിയില്‍ വരും.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മന് ആല്‍ഥാനിയും ഭീകരവാദം, ഭികരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്കല് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. അതിനെ തുടര്‍ന്നാണ് പുതിയ ഭീകരത വിരുദ്ധ നിയമം അമീര്‍ പ്രഖ്യാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.