Currency

ബിദിയയില്‍ മലയാളിയുടേതടക്കം നാലു കടകള്‍ കത്തിനശിച്ചു

സ്വന്തം ലേഖകന്‍Wednesday, August 23, 2017 2:09 pm

മസ്‌കത്ത്: ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ ഒമാന്‍ ഓയിലിന് സമീപത്തെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന മലയാളിയുടേതടക്കം നാലുകടകളും പൂര്‍ണമായി കത്തിനശിച്ചു. ഗ്യാസ്‌സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കണ്ണൂര്‍ പറശിനിക്കടവ് സ്വദേശി അമ്പുകുഞ്ഞിന്റെ ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ സ്‌റ്റോറും പൂര്‍ണമായും കത്തി. മറ്റു രണ്ട് കടകളും പാകിസ്താന്‍ സ്വദേശികളുടേതാണ്. ആയിരക്കണക്കിന് റിയാലിന്റെ നഷ്ടം കണക്കാക്കുന്നു. പുലര്‍ച്ചെ നാലിനാണ് വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഏകദേശം അര കിലോമീറ്റര്‍ പരിധിയില്‍ പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭൂമികുലുക്കമാണെന്ന് കരുതി പലരും വീടുകളില്‍നിന്ന് ഇറങ്ങിയോടുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് വൈകാതെ സംഭവസ്ഥലത്ത് എത്തി തീ പൂര്‍ണമായും അണച്ചു. തീപിടിത്തങ്ങളും വന്‍ നാശവും ഒഴിവാക്കാന്‍ കടകളിലും വാണിജ്യ സമുച്ചയങ്ങളിലും സുരക്ഷാ മുന്‍കരുതല്‍ നടപടികളെടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x