
ദോഹ: മധ്യവേനല്‍ അവധിക്കുശേഷം ഖത്തറിലെ സ്കൂളുകള്‍ ഇന്നു തുറന്നു. പൊതുമേഖലാ സ്കൂളുകളില്‍ ഇന്നു പുതിയ വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ചു. അതേസമയം സിബിഎസ്ഇ സിലബസിലുള്ള ഇന്ത്യന്‍ സ്കൂളുകളില്‍ ഇതു രണ്ടാംടേമിന്റെ ആരംഭമാണ്. കിന്റര്ഗാര്ട്ടന് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലായി മൂന്നുലക്ഷത്തോളം കുട്ടികളാണ് ഇന്ന് പുതുതായി സ്കൂളുകളിലേക്ക് എത്തുന്നത്. സ്വദേശി, അറബ് വിദ്യാര്‍ഥികള്‍ പെരുന്നാള്‍ ആഘോഷത്തിന്റെയും മലയാളി വിദ്യാര്‍ഥികള്‍ പെരുന്നാളിന്റെയും ഓണത്തിന്റെയും ആഘോഷവേളകളും കഴിഞ്ഞാണ് സ്കൂളിലേക്കെത്തുന്നത്.
പൊതുമേഖലയില്‍ 189 സ്കൂളുകളും സ്വകാര്യമേഖലയില്‍ 245 സ്കൂളുകളുമാണ് ഖത്തറില്‍ ഉള്ളത്. ഇന്ത്യന്‍ സ്കൂളുകളില്‍ പഠനത്തിന്റെ തുടര്‍ച്ചയായി രണ്ടാം ടേം ആരംഭിക്കുകയാണ്. ഒന്നാംടേം പരീക്ഷ കഴിഞ്ഞ ഇന്ത്യന്‍ സ്കൂളുകളില്‍ റിസള്‍ട്ട് കാത്തിരിക്കുകയാണ് കുട്ടികള്‍. പരീക്ഷ ഇനിയും കഴിയാത്ത സ്കൂളുകളില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന പരീക്ഷയ്ക്കുള്ള ഊര്‍ജിത തയാറെടുപ്പിലാണ് കുട്ടികള്‍.
എന്നാല്‍ രക്ഷിതാക്കളെ സംബന്ധിച്ച് സ്കൂള്‍ തുറക്കുന്നത് ചെലവ് കൂട്ടുകയാണ്. പല ഇന്ത്യന്‍ സ്കൂളുകളിലും ട്യൂഷന് ഫീസും ട്രാന്സ്പോര്ട്ടേഷന് ചാര്‍ജും വര്‍ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ രണ്ടാംടേം ഫീസിനൊപ്പം രക്ഷിതാക്കള്‍ ഒന്നാംടേം ഫീസിന്റെ കുടിശിക കൂടി നല്‍കേണ്ടതുണ്ട്.
രണ്ടു കുട്ടികളുള്ള രക്ഷിതാവിനു സ്കൂള്‍ ട്യൂഷന് ഫീസ് ഇനത്തില്‍ ചുരുങ്ങിയത് 5,000 റിയാലെങ്കിലും ഈമാസം അധികം കണ്ടെത്തേണ്ടിവരും. അറബ് മേഖലയില്‍ ഓരോ കുടുംബവും തങ്ങളുടെ വരുമാനത്തിന്റെ 25% കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കേണ്ടി വരുന്നതായാണ് ഏകദേശ കണക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.