Currency

ഒമാനില്‍ വീണ്ടും മെര്‍സ് രോഗബാധ; ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Saturday, September 16, 2017 12:53 pm

മസ്‌കത്ത്: ഒമാനില്‍ വീണ്ടും മെര്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മുസന്നയില്‍ നിന്നുള്ള 54 വയസുകാരനാണ് ചികില്‍സയിലുള്ളത്. അതേസമയം ഏത് സാഹചര്യം നേരിടാനും സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഒമാനില്‍ അവസാനമായി ‘മെര്‍സ്’ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മനുഷ്യന്റെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമായ ‘മെര്‍സ്’ ലോകത്ത് ഇതുവരെയായി 2080 പേരിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 722 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന അറിയിച്ചു. മിഡിലീസ്റ്റ് രാജ്യങ്ങളില്‍ 864 പേര്‍ക്ക്‌ രോഗം പിടിപ്പെട്ടപ്പോള്‍ ഒമാനില്‍ രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ മാത്രമാണ് മരണപ്പെട്ടിട്ടുള്ളത്. കടുത്ത പനി, ചുമ, അതി കഠിനമായ ശ്വാസ തടസം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടക്കത്തിലേ കണ്ടെത്തി ചികില്‍സ നല്‍കിയാല്‍ രോഗം ഭേദമാക്കാന്‍ കഴിയും. എന്നാല്‍ ചികില്‍സ വൈകിയാല്‍ രോഗ വിമുക്തി എളുപ്പമല്ലെന്നും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

രോഗബാധിതരിലെ മരണനിരക്ക് ഉയര്‍ന്നതാണെന്നതിനാല്‍ ഉയര്‍ന്ന ജാഗ്രത പുലര്‍ത്തണം. ഒട്ടകങ്ങളില്‍ നിന്നാണ് രോഗം പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ പോകുന്നവര്‍ ആരോഗ്യകരമായ മുന്‍കരുതല്‍ നടപടികള്‍ കൈകൊള്ളണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x