Currency

ഖത്തറില്‍ തൊഴില്‍ത്തര്‍ക്കം കൈമാറാനുള്ള നടപടിക്രമം; കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖകന്‍ Friday, September 29, 2017 7:07 am

ദോഹ: ഖത്തറില്‍ തൊഴില്‍ത്തര്‍ക്ക പരിഹാര കമ്മിറ്റിയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. തൊഴില്‍ത്തര്‍ക്കങ്ങള്‍ പരിഹരിക്കാനായി കമ്മിറ്റി രൂപവത്കരിക്കുക, തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കം തൊഴില്‍ത്തര്‍ക്ക പരിഹാര കമ്മിറ്റിക്ക് കൈമാറാന്‍ ബന്ധപ്പെട്ട മാനേജ്മെന്റ് പാലിക്കേണ്ട വ്യവസ്ഥകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് കരടുതീരുമാനം. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്.

മാനേജ്മെന്റ് കമ്മിറ്റിക്ക് തര്‍ക്കം റഫര്‍ ചെയ്യേണ്ട കാലാവധി, തര്‍ക്കം കമ്മിറ്റിക്ക് കൈമാറേണ്ട രീതികളും നടപടിക്രമങ്ങളും തൊഴിലാളിക്ക് എതിരേയുള്ള ശിക്ഷാ തീരുമാനം റദ്ദാക്കാനുള്ള അപ്പീല്‍, തര്‍ക്കത്തിന്റെ ആദ്യവാദത്തിനുള്ള അന്തിമനിര്‍ണയ കാലാവധി, തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക, തര്‍ക്കപരിഹാര നടപടികള്‍, കമ്മിറ്റി പ്രഖ്യാപിക്കുന്ന നടപടികളെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും ഇരു പാര്‍ട്ടികളെയും അറിയിക്കുക തുടങ്ങിയ കാര്യങ്ങളാണ് കരട് തീരുമാനത്തില്‍ ഉള്‍പ്പെടുന്നത്.

റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച കരട് നിയമം നടപ്പാക്കാനാവശ്യമായ നടപടികള്‍ക്കും മന്ത്രിസഭ അനുമതി നല്‍കി. കരട് നിയമത്തില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശകള്‍ വിലയിരുത്തിയ ശേഷമാണ് അനുമതി നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x