
ദോഹ: ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്ക് വിസയില്ലാതെ വരുന്നതിന് തടസങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ വീണ്ടും വ്യക്തമാക്കി. ആറുമാസം കാലാവധിയുള്ള പാസ്പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റുമല്ലാതെ മറ്റു നിബന്ധനകളൊന്നും ഇക്കാര്യത്തിലില്ലെന്നും ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡെവലപ്മെന്റ് ഓഫീസര്‍ ഹസന് അല്‍ ഇബ്രാഹിം അറിയിച്ചു.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ തിരിച്ചയക്കുന്ന സാഹചര്യത്തില്‍ വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെയും ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ധേഹം പറഞ്ഞു. വിസയില്ലാതെ ഖത്തറിലെത്തുന്നവര്‍ 5000 റിയാലിനു തുല്യമായ പണം കയ്യില്‍ കരുതണമെന്ന നിബന്ധനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുള്‍പ്പെടയുള്ള 80 രാജ്യങ്ങളില്‍ നിന്നുള്ള വര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാനായി വിസ ആവശ്യമില്ലെന്ന അധികൃതരുടെ പ്രഖ്യാപനം വന്ന ശേഷം വിവിധ രാജ്യക്കാരായ സന്ദര്‍ശകര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഖത്തറിലേക്കെത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴും കേരളത്തിലെ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗം യാത്രക്കാരെ തിരിച്ചയക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. ഈ അവസരത്തിലാണ് അധികൃതരുടെ വിശദീകരണം.
80 രാജ്യങ്ങളിലെയും വിമാനത്താവളങ്ങളുമായും വിമാനക്കമ്പനികളുമായും സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാര്‍ തിരിച്ചയയ്ക്കപ്പെടുന്ന കാര്യം അല്‍ഭുതപ്പെടുത്തുന്നതായും ഹസന് അല്‍ ഇബ്രാഹിം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.