Currency

ഒമാനില്‍ കുടുംബവിസക്ക് അപേക്ഷിക്കാനുള്ള ശമ്പളപരിധിയില്‍ ഇളവ്

സ്വന്തം ലേഖകന്‍Tuesday, October 3, 2017 1:15 pm

മുന്നൂറ് റിയാല്‍ ശമ്പളമുള്ളവര്‍ക്കും ഇനി ഒമാനില്‍ കുടുംബവിസക്ക് അപേക്ഷിക്കാം. ഇതിനുള്ള നിയമ ഭേദഗതി നിലവില്‍ വന്നതായി റോയല്‍ ഒമാന്‍ പൊലീസ് വക്താവിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഒമാന്‍: ഒമാനില്‍ കുടുംബവിസക്ക് അപേക്ഷിക്കാനുള്ള ശമ്പളപരിധിയില്‍ പകുതിയോളം കുറവുവരുത്തി. മുന്നൂറ് റിയാല്‍ ശമ്പളമുള്ളവര്‍ക്കും ഇനി ഒമാനില്‍ കുടുംബവിസക്ക് അപേക്ഷിക്കാം. ഇതിനുള്ള നിയമ ഭേദഗതി നിലവില്‍ വന്നതായി റോയല്‍ ഒമാന്‍ പൊലീസ് വക്താവിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അറുനൂറ് റിയാല്‍ ആയിരുന്നു കുടുംബവിസക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി.

കുടുംബത്തെ കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികളുടെ ശമ്പള പരിധി മുന്നൂറ് റിയാലായി കുറച്ചതായി ശൂറ കൗണ്‍സില്‍ അംഗം സുല്‍ത്താന്‍ ബിന്‍ മാജിദ് അല്‍ അല്‍ അബ്രിയും അറിയിച്ചു. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ‘തന്‍ഫീദിന്റെ ഭാഗമായി ശൂറാ കൗണ്‍സില്‍ മുന്നോട്ടുവെച്ച നിര്‍ദേശത്തോട് പൊതുജന താല്‍പര്യം മുന്‍ നിര്‍ത്തി വേഗത്തില്‍ പ്രതികരിച്ച സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്നും അല്‍ അബ്രി പറഞ്ഞു.

2013 ആഗസ്തിലാണ് കുടുംബവിസക്ക് ചുരുങ്ങിയത് അറുനൂറ് റിയാല്‍ ശമ്പളം വേണമെന്ന നിയമം നിലവില്‍ വന്നത്. മന്ത്രിസഭാ കൗണ്‍സില്‍ രൂപം നല്‍കിയ പ്രത്യേക കമ്മിറ്റി പഠനം നടത്തിയ ശേഷമാണ് ഈ വേതന പരിധി നിശ്ചയിച്ചത്. എന്നാല്‍ നിയമത്തില്‍ ഇളവുവരുത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ശമ്പളപരിധി കുറച്ചാല്‍ കൂടുതല്‍ പേര്‍ കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവരുമെന്നും ഇതുവഴി രാജ്യത്തിന് അകത്ത് കൂടുതല്‍ തുക ചെലവഴിക്കപ്പെടുമെന്നുമായിരുന്നു ശൂറയുടെ നിരീക്ഷണം. റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് ഒപ്പം റീട്ടെയില്‍,ഇന്‍ഷൂറന്‍സ് തുടങ്ങി വിവിധ മേഖലകളിലെ ഉണര്‍വിനും സര്‍ക്കാര്‍ തീരുമാനം വഴിവെക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x