
ദോഹ: ഖത്തറില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗത വകുപ്പ് ഡയറക്ടറേറ്റ് തീരുമാനിച്ചു. കൂടുതല്‍ തൊഴില്‍ വിഭാഗങ്ങളെ കൂടി ഡ്രൈവിംഗ് ലൈസന്‍സ് നല്കുന്നതില് നിന്ന് താത്കാലികമായി ഒഴിവാക്കാനാണ് തീരുമാനം. രാജ്യത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. അതേസമയം ഇരുചക്രവാഹനങ്ങള്‍ക്കുള്ള ലൈസന്‍സ് ഉദാരമാക്കും.
ദോഹ മെട്രോ ഹൈവേകള്‍, മേല്പാലങ്ങള് എന്നിവയുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടക്കുന്നതിനാല്‍ നിരത്തുകളില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹാരിക്കാനാണ് പുതിയ നിയന്ത്രണം. നേരത്തെ തന്നെ 180 ഇനം തൊഴില്‍ ചെയ്യുന്നവര്‍ക്ക് രാജ്യത്ത് മോട്ടോര്‍ ഡ്രൈവിംഗ് വാഹന ലൈസന്‍സ് നല്‍കുന്നില്ല. ഇതിന് പുറമേയാണ് കൂടുതല്‍ മേഖലകളിലേക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പലചരക്കുവ്യാപാരം, ഇറച്ചി വില്പന, ടെയ്ലര്, സ്വര്‍ണപ്പണി, കാര്‍ഷികവൃത്തി, അലങ്കാരപ്പണികള്‍, ബ്യൂട്ടീഷ്യന്, മെക്കാനിക്, പത്രവില്പന, ബാര്‍ബര്‍, വേലക്കാര്‍, സെക്യൂരിറ്റി, ചുമട്ടുതൊഴിലാളികള്‍, ആട്ടിടയന്മാര് തുടങ്ങിയവര്‍ക്ക് നിലവില്‍ തന്നെ രാജ്യം ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നില്ല.
ജീവനക്കാര്‍ക്ക് ഗതാഗതസൗകര്യം നല്കുന്ന ഓഫീസുകളിലെ ജീവനക്കാരെയും ഭാവിയില്‍ ലൈസന്‍സ് നല്കുന്നതില് നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ ലൈസന്‍സ് വിഷയത്തില്‍ ഉദാരസമീപനം സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.