Currency

ഖത്തറില്‍ സ്വകാര്യനിക്ഷേപം ശക്തമാക്കാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Monday, October 9, 2017 12:26 pm

ദോഹ: സ്വകാര്യമേഖലയ്ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കാനുള്ള നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വ്യവസായികള്‍ക്കു പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയാണ് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചത്. സ്വകാര്യമേഖലയില്‍ പ്രാദേശിക നിക്ഷേപം ശക്തമാക്കുന്നതിന് അടുത്ത രണ്ടുവര്‍ഷത്തേക്കു രാജ്യത്തിന്റെ തെക്കന്‍ഭാഗങ്ങളിലെ വ്യവസായ, സംഭരണശാലകളുടെ വാടകയില്‍ 50% ഇളവ് അനുവദിച്ചുകൊണ്ടുള്ള തീരുമാനമാണ് ഇളവുകളില്‍ ഏറ്റവും പ്രധാനം.

അടുത്ത രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ (2018, 2019) രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ പ്രവര്‍ത്തനാനുമതി നേടുന്ന സംരംഭകരെ വാടകയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായശാലകള്‍ക്ക് വാടക അടയ്ക്കുന്നതിന് ഒരു വര്‍ഷത്തെ സാവകാശവും നല്‍കും. നിലവിലുള്ള ഉല്‍പാദനക്ഷമമായ വ്യവസായ യൂണിറ്റുകള്‍ക്കു വായ്പയടവില്‍ ആറുമാസത്തെ സാവകാശം നല്‍കാന്‍ ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കിനോടും നിര്‍ദേശിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിവിധ മന്ത്രാലയങ്ങളും പ്രാദേശിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന്റെ തോത് 30 ശതമാനത്തില്‍നിന്നു 100 ശതമാനമായും വര്‍ധിപ്പിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

നേരത്തെ സ്വകാര്യ സംരംഭങ്ങള്‍ക്കു പരമാവധി പ്രോല്‍സാഹനം നല്‍കാന്‍ പ്രത്യേക മന്ത്രിതല സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ഈ സമിതി നേരിട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന ശുപാര്‍ശകളില്‍ ഏറ്റവും അവസാനത്തേതാണ് വാടകയിളവും വായ്പാതിരിച്ചടവിനു സാവകാശവും ലഭ്യമാക്കിയുള്ള ഉത്തരവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x