
മസ്‌കത്ത്: സീബില്‍ പുതിയ വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഒമാന്റെ തനത് പാരമ്പര്യവും പൈതൃകവും പുനഃസൃഷ്ടിക്കുന്ന രീതിയിലുള്ള നിര്‍മിതികള്‍ അടങ്ങിയ പദ്ധതിയാണ് ആലോചിക്കുന്നത്. ഇതുവഴി രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കൃതിയുടെ ചരിത്രം സഞ്ചാരികള്‍ക്ക് പകര്‍ന്നുനല്‍കുകയാണ് ലക്ഷ്യമെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.
സീബ് വിലായത്തിലെ 277ാം നമ്പര്‍ സ്ഥലത്താണ് വിനോദസഞ്ചാര കേന്ദ്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. പദ്ധതിക്കായി നിക്ഷേപകരെ തേടുകയാണ് വിനോദ സഞ്ചാര വകുപ്പ്. പഴമയുടെ ഓര്‍മകള്‍ക്ക് ഒപ്പം റസ്റ്റാറന്റുകള്‍, കഫേകള്‍, ഷോപ്പുകള്‍ എന്നിവയും ഉണ്ടാകും. 50 വര്‍ഷത്തേക്കാകും പദ്ധതി നടത്തിപ്പിന് നല്‍കുക. ഏറ്റവും മികച്ച രീതിയില്‍ രൂപകല്‍പന നടത്തി എത്രയും പെട്ടെന്ന് നിര്‍മാണം തീര്‍ക്കുന്നവരെയും ഏറ്റവും ഉയര്‍ന്ന വാടക നല്‍കുന്നയാള്‍ എന്ന മാനദണ്ഡവുമാണ് പദ്ധതിക്കായി പരിഗണിക്കുന്നത്.
പദ്ധതിയെ കടല്‍തീരവുമായി ബന്ധിപ്പിച്ച് വാക്ക്‌വേ പോലുള്ള പദ്ധതികള്‍ നിര്‍മിക്കാന്‍ നിക്ഷേപകന് അധികാരമുണ്ടാകും. താല്‍പര്യമുള്ള നിക്ഷേപകര്‍ ഫെബ്രുവരി 15ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.