Currency

മനുഷ്യക്കടത്തിനെതിരെ ബോധവത്കരണ കാമ്പയിനുമായി ഒമാന്‍

സ്വന്തം ലേഖകന്‍Thursday, October 19, 2017 12:43 pm

മൂന്നുമാസത്തെ രാജ്യവ്യാപക കാമ്പയിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ മനുഷ്യക്കടത്ത് അഭൂതപൂര്‍വമായി വര്‍ധിച്ച സാഹചര്യം മുന്‍നിര്‍ത്തിയാണ് കാമ്പയിന് തുടക്കം കുറിച്ചത്.

മസ്‌കത്ത്: മനുഷ്യക്കടത്തിനെതിരെ ഒമാന്‍ സര്‍ക്കാര്‍തല ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചു. നാഷനല്‍ കമ്മിറ്റി ഫോര്‍ കോംബാറ്റിങ് ഹ്യൂമന്‍ ട്രാഫിക്കിങ്ങിന്റെ (എന്‍.സി.സി.എച്ച്.ടി) ആഭിമുഖ്യത്തിലാണ് കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. മൂന്നുമാസത്തെ രാജ്യവ്യാപക കാമ്പയിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ മനുഷ്യക്കടത്ത് അഭൂതപൂര്‍വമായി വര്‍ധിച്ച സാഹചര്യം മുന്‍നിര്‍ത്തിയാണ് കാമ്പയിന് തുടക്കം കുറിച്ചത്.

പൊതുജനങ്ങള്‍ക്കിടയില്‍ മനുഷ്യക്കടത്തിനെതിരായ അവബോധം വര്‍ധിപ്പിക്കുകയാണ് ‘ഇഹ്‌സാന്‍’ എന്ന കാമ്പയിന്‍ ലക്ഷ്യമിടുന്നത്. ഇതുവഴി കുറ്റകൃത്യം തടയുന്നതില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്നും എന്‍.സി.സി.എച്ച്.ടി ഡെപ്യൂട്ടിചെയര്‍മാന്‍ അലി അല്‍ ഹിലാലി പറഞ്ഞു. ആഗോളതലത്തില്‍ നടക്കുന്ന ഈ കുറ്റകൃത്യത്തിന്റെ വലയില്‍നിന്ന് ഒമാനും മോചിതരല്ല. കുറ്റകരമാക്കുന്നതിന് ഒപ്പം ഇരകള്‍ക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കുന്നതിലൂടെയേ ഇത് ഇല്ലായ്മചെയ്യാന്‍ സാധിക്കൂവെന്നും അല്‍ ഹിലാലി പറഞ്ഞു.

കാമ്പയിന്റെ സന്ദേശം വിവിധ മാധ്യമങ്ങളിലൂടെ സ്വദേശികളിലേക്കും വിദേശികളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ അറബി, ഇംഗ്ലീഷ്, ഹിന്ദി, ബംഗ്ല, ഉര്‍ദു തുടങ്ങിയ ഭാഷകളില്‍ പോസ്റ്ററുകള്‍ തയാറാക്കും. മസ്‌കത്ത്, മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം, ആര്‍.ഒ.പി സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിക്കും. സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും പ്രത്യേകിച്ച് ചൂഷണത്തിന് ഇരയാകാന്‍ സാധ്യതയുള്ളവരിലേക്ക് സന്ദേശം എത്തിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യമെന്നും അസി. അറ്റോണി ജനറല്‍ നാസര്‍ അബ്ദുല്ല അല്‍ റിയാമി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x