Currency

ഖത്തറില്‍ കെട്ടിട വാടക ഓണ്‍ലൈനായി കൈമാറാന്‍ പുതിയ സംവിധാനം

സ്വന്തം ലേഖകന്‍Sunday, October 22, 2017 8:28 am

വാടകക്കാരനു തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നു വാടകത്തുക മന്ത്രാലയ വെബ്സൈറ്റിലൂടെ കെട്ടിട ഉടമയ്ക്കു കൈമാറാനുള്ള സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തുന്നത്.

ദോഹ: കെട്ടിട ഉടമയ്ക്ക് ഓണ്‍ലൈനായി വാടക ലഭ്യമാക്കുന്നതിനുള്ള സംവിധാനവുമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം. നിലവില്‍ വാടകക്കാരന്‍ കെട്ടിട ഉടമയ്ക്ക് ചെക്ക് നല്‍കുകയാണ് ചെയ്യുന്നത്. തര്‍ക്കമുള്ളപ്പോള്‍ മന്ത്രാലയത്തിനു കീഴിലുള്ള വാടകത്തര്‍ക്കപരിഹാര ഓഫിസില്‍ ഇതിനായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം.

എന്നാല്‍ വാടകക്കാരനു തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നു വാടകത്തുക മന്ത്രാലയ വെബ്സൈറ്റിലൂടെ കെട്ടിട ഉടമയ്ക്കു കൈമാറാനുള്ള സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തുന്നത്. മന്ത്രാലയത്തിനു കീഴിലെ വാടകത്തര്‍ക്ക പരിഹാര സമിതി, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡിപാര്‍ട്മെന്റുമായി സഹകരിച്ചാണ് ഡിപ്പോസിറ്റ് എന്നപേരില്‍ പുതിയ സംവിധാനം ആവിഷ്‌കരിച്ചത്. നഗരസഭാ മന്ത്രാലയ വെബ്സൈറ്റിലാണ് ഡിപ്പോസിറ്റ് സംവിധാനം ലഭ്യമാവുന്നത്.

വാടകക്കാരന്‍ തന്റെ അക്കൗണ്ടില്‍നിന്ന് ഓണ്‍ലൈനായി കെട്ടിട ഉടമയുടെ പേരില്‍ വാടകത്തുക ട്രഷറിയിലേക്ക് അടയ്ക്കുന്നു. ഈ തുക മന്ത്രാലയ വെബ്സൈറ്റിലെ ഡിപ്പോസിറ്റ് സംവിധാനത്തിലൂടെ കെട്ടിട ഉടമയുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. വീട്ടുവാടകയ്ക്കു പുറമേ വാണിജ്യസ്ഥാപനങ്ങളുടെയും ഓഫിസ് കെട്ടിടങ്ങളുടെയും വാടകയും ഇങ്ങനെ കൈമാറാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x