
ദോഹ: കാറുകളുടെ ഫാന്‍സി നമ്പര്പ്ലേറ്റുകള്ക്കുള്ള ഓണ്‍ലൈന്‍ ലേലം ആരംഭിച്ചു. ആറാമത് പൊതു ഓണ്‍ലൈന്‍ ലേലമാണ് നടക്കുന്നത്. 22 നമ്പര്‍ പ്ലേറ്റുകളാണ് ഇത്തവണ ലേലത്തിലുള്ളത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ലേലം നവംബര്‍ പതിനാറിന് രാത്രി പത്ത് വരെ നീളും.
നിയമപ്രകാരം ഒരുലക്ഷം റിയാലിലാണ് ലേലം തുടങ്ങുന്നത്. അതേസമയം ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ഡെപ്പോസിറ്റായി 20,000 റിയാല്‍ കെട്ടിവെക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ലേലത്തില്‍ വിജയിക്കുന്നവര്‍ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ ലേലത്തുക കെട്ടിവെക്കണം. അല്ലാത്ത പക്ഷം ഡെപ്പോസിറ്റായി കെട്ടിവെച്ച തുക നഷ്ടമാകുകയും അടുത്ത ആള്‍ക്ക് ഫാന്‍സി നമ്പര്‍ നല്‍കുകയും ചെയ്യും.
ലേലത്തിന്റെ അവസാനത്തില്‍ ഏതാനും നമ്പര്‍ പ്ലേറ്റുകള്‍ക്കായി കൂടുതല്‍പേര്‍ ഉണ്ടെങ്കില്‍ അടുത്ത 15 മിനിട്ട് കൂടി ലേലത്തിന്റെ സമയം നീട്ടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.