ഈ ശമ്പളത്തിനുപുറമേ തൊഴിലാളികള്‍ക്കു സൗജന്യതാമസവും ഭക്ഷണവും ചികില്‍സാസൗകര്യവും ലഭ്യമാക്കും. ആദ്യമായാണ് വിദേശതൊഴിലാളികള്‍ക്കു ഖത്തര്‍ കുറഞ്ഞ ശമ്പളപരിധി നിശ്ചയിക്കുന്നത്. താല്ക്കാലികാടിസ്ഥാനത്തില് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ ശമ്പളപരിധി നിര്‍ദേശം ഉടനടി പ്രാബല്യത്തിലാകും.
ദോഹ: പ്രവാസി തൊഴിലാളികള്‍ക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 750 റിയാല്‍ (13,000 രൂപ) ആക്കിയതായി ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം. ഈ ശമ്പളത്തിനുപുറമേ തൊഴിലാളികള്‍ക്കു സൗജന്യതാമസവും ഭക്ഷണവും ചികില്‍സാസൗകര്യവും ലഭ്യമാക്കും. ഈ സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതു തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് തൊഴില്‍മന്ത്രി ഡോ. ഈസ ബിന്‍ സാദ് അല്‍ ജുഫാലി അല്‍ നുഐമിയെ ഉദ്ധരിച്ച് രാജ്യാന്തരവാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ആദ്യമായാണ് വിദേശതൊഴിലാളികള്‍ക്കു ഖത്തര്‍ കുറഞ്ഞ ശമ്പളപരിധി നിശ്ചയിക്കുന്നത്. താല്ക്കാലികാടിസ്ഥാനത്തില് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ ശമ്പളപരിധി നിര്‍ദേശം ഉടനടി പ്രാബല്യത്തിലാകും. രാജ്യത്തുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനും ഖത്തറില്‍ മാന്യമായി ജീവിക്കാനും പര്യാപ്തമായ വിധത്തില്‍ കുറഞ്ഞവേതനം നിശ്ചയിക്കുമെന്ന് ഒക്ടോബര്‍ 25ന് വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തൊഴില്‍മന്ത്രി വ്യക്തമാക്കിയിരുന്നു.
ഒരുമാസം തികയും മുന്‍പുതന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കുകയും ചെയ്തു. ഇനിമുതല്‍ 750 റിയാലില്‍ കുറഞ്ഞ ശമ്പളത്തിലുള്ള തൊഴില്‍ കരാറുകള്‍ക്ക് മന്ത്രാലയം അനുമതി നല്‍കില്ല. അതേസമയം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ ശമ്പളം വിശദമായ വിലയിരുത്തലുകള്‍ക്കുശേഷം ഉയര്‍ത്തുമെന്നും തൊഴില്‍മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.