
ദോഹ: രാജ്യത്തെ റോഡിലെ മഞ്ഞബോക്സില്‍ വാഹനം നിര്‍ത്തുന്നവരെ പിടികൂടാനുള്ള പരിശോധന ഊര്‍ജ്ജിതമാക്കുന്നു. നിയമലംഘകര്‍ക്ക് ആയിരം റിയാല്‍വരെ പിഴയീടാക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. കൂടാതെ വാഹനം ഒരാഴ്ച ജപ്തിചെയ്യും. മഞ്ഞവരയില്‍ വാഹനം നിര്‍ത്തുന്നവര്‍ക്ക് പിഴത്തുകയില്‍ അമ്പത് ശതമാനം ഇളവിന്റെ ആനുകൂല്യം ലഭിക്കുകയുമില്ല. നിയമംലംഘിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി.
ഇന്റര്‍സെക്ഷനുകളിലെ മഞ്ഞ ബോക്സില്‍ വാഹനം നിര്‍ത്തുന്നവരെ കണ്ടെത്താന്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചു. വാഹനങ്ങളുടെ മൂന്ന് ചിത്രങ്ങളാണ് ഇന്റര്‍സെക്ഷനുകളില്‍ ക്യാമറ പകര്‍ത്തുന്നത്. നമ്പര്‍ പ്ലേറ്റിന്റേയും വാഹനത്തിന്റെയും വാഹനത്തിന്റെ പൊസിഷനും മഞ്ഞബോക്സില്‍ വാഹനം നില്ക്കുന്ന സ്ഥലവുമാണ് ക്യാമറ പകര്‍ത്തുന്നത്. മെട്രാഷിന്റെ ഉപയോക്താവാണ് വാഹനയുടമയെങ്കില് ലംഘനം നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ലംഘനവും അടയ്ക്കേണ്ട പിഴത്തുകയും സംബന്ധിച്ച സന്ദേശം മൊബൈലിലെത്തും.
ഇന്റര്‍സെക്ഷനിലെ സിഗ്നലില്‍ പച്ച ലൈറ്റ് തെളിയുമ്പോള്‍ വാഹനം മഞ്ഞബോക്സില്‍ നിര്‍ത്തുന്നത് പിറകെവരുന്ന വാഹനങ്ങള്‍ക്ക് തടസം ഉണ്ടാക്കുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യും. ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് വാഹനാപകടത്തിനും കാരണമാകുന്നതായാണ് കണ്ടെത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.