Currency

ഖത്തറില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളില്‍ കര്‍ശന നിരീക്ഷണം

സ്വന്തം ലേഖകന്‍Saturday, December 2, 2017 8:11 am

ദോഹ: റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളില്‍ ഇനി കര്‍ശന നിരീക്ഷണം വരുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ കമ്മിഷന്‍ സംബന്ധിച്ച 2017ലെ 22ാം നമ്പര്‍ നിയമത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുടെ നിരീക്ഷണം, ഇടപാടുകളിലെ കമ്മിഷന്‍, ദല്ലാളുമാര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സികള്‍ക്കും ലൈസന്‍സ് അനുവദിക്കല്‍, അച്ചടക്കനടപടികള്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കു റജിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ ചുമതലയുള്ള നീതിന്യായ മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക സമിതിയെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം.

റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ചു വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പരാതികളും ഈ സമിതിയാവും പരിഗണിക്കുക. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി ആറുമാസത്തിനുശേഷം റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍ക്കു നിയമം ബാധകമാകും. 2016 സെപ്റ്റംബര്‍ 24ന് ആണു മന്ത്രിസഭ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറേജ് സംബന്ധിച്ച കരടുനിയമത്തിന് അംഗീകാരം നല്‍കി ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്കു കൈമാറിയത്. കര്‍ശനനിയന്ത്രണങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ശക്തിപ്പെടുത്തുമെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍.

ഖത്തറില്‍ സമീപകാലത്തു വലിയ വളര്‍ച്ചയാണു റിയല്‍ എസ്‌റ്റേറ്റ് മേഖല കൈവരിച്ചത്. ബോക്‌സ് ഭൂമി, കെട്ടിട ക്രയവിക്രയത്തില്‍ ഊഹക്കച്ചവടം പോലുള്ള അനാരോഗ്യകരമായ പ്രവണതകള്‍ക്കു തടയിടാന്‍ ഒട്ടേറെ വകുപ്പുകളുള്ളതാണ് പുതിയ നിയമം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x