
മസ്കത്ത്: പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പരീക്ഷണ പറക്കല്‍ ഈ മാസം 23ന് നടക്കും. ഉദ്ഘാടനത്തിന് തൊട്ടുമുന്‍പുള്ള ഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന പരീക്ഷണ പറക്കല്‍ സംബന്ധിച്ച പ്രഖ്യാപനം ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സാലിം അല്‍ ഫുതൈസിയാണ് നടത്തിയത്. ടെര്‍മിനലിന്റെയും യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങളുടെയും പ്രവര്‍ത്തനക്ഷമത സംബന്ധിച്ച പരിശോധന ആരംഭിച്ചുകഴിഞ്ഞു.
പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിമാനത്താവള ടെര്‍മിനലിന്റെയും യാത്രക്കാരുടെ സൗകര്യങ്ങളുടെയും പരിശോധനക്ക് ബുധനാഴ്ച ഔദ്യോഗിക തുടക്കമായി. യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്കിന് അനുസരിച്ച് അടുത്ത ദിവസങ്ങളില്‍ തന്നെ ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാകുമെന്നും മസ്കത്തില് നടന്ന എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എക്സ്ചേഞ്ച് ഫോറത്തില്‍ മന്ത്രി വ്യക്തമാക്കി.
വിമാനത്താവളത്തിന്റെ മറ്റ് പരിശോധനകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒമാന്‍ 2020 കര്‍മപദ്ധതിയില്‍ രാജ്യത്തെ വിമാനത്താവള പദ്ധതികളുടെ വികസനത്തിന് സുപ്രധാന സ്ഥാനമാണ് നല്‍കുന്നത്. ടൂറിസം, ചരക്കുഗതാഗതം, തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് സുപ്രധാനമായ മേഖലകളുടെ വളര്‍ച്ചക്ക് സഹായകരമായ വിധത്തില്‍ വിമാനത്താവളങ്ങളുടെ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.