
ദോഹ: ദോഹ മെട്രോയുടെ എഴുപത് ശതമാനം നിര്‍മാണം പൂര്‍ത്തിയായതായി ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസ്സിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി. ദോഹ മെട്രോയുടെ പതിനാറ് തീവണ്ടികള്‍ ദോഹയിലെത്തിക്കഴിഞ്ഞതായും തീവണ്ടികളുടെ പരീക്ഷണഓട്ടം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2020 ഓടെ ദോഹ മെട്രോ യാഥാര്‍ഥ്യമാകും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നത്.
ദോഹ മെട്രോ സ്റ്റേഷന്റെ അല്‍ വഖ്റയില്‍നിന്നും അല്‍ ഖാസ്സര്‍ വരെയുള്ള റെഡ് ലൈന്‍ സ്റ്റേഷനുകളില്‍ വാണിജ്യയൂണിറ്റുകള്‍ തുടങ്ങാനുള്ള രജിസ്ട്രേഷനും ആരംഭിച്ചു. 37 സ്റ്റേഷനുകളിലായി 92,00 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് വാണിജ്യസ്ഥാപനങ്ങള്‍ക്ക് നീക്കിയിരിക്കുന്നത്. 86 ചെറുകിട യൂണിറ്റുകള്‍ക്കുള്ള സൗകര്യവും കൂടാതെ 46 എ.ടി.എം, 27 വെന്‍ഡിങ് മെഷീനുകളും മെട്രോ യാത്രക്കാര്‍ക്കായി ക്രമീകരിക്കാനുള്ള സ്ഥലവും അനുവദിച്ചിട്ടുണ്ട്.
മണിക്കൂറില്‍ നൂറുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡ്രൈവര്‍ രഹിത തീവണ്ടികളിലൊന്നാണ് ദോഹ മെട്രോയുടേത്. ഓരോ സ്റ്റേഷനുകളും തമ്മിലുള്ള ശരാശരി യാത്രാസമയം രണ്ട് മിനിറ്റാണ്. 1800 കോടി ഡോളറിന്റെ ഖത്തര്‍ മെട്രോ പദ്ധതിയുടെ 37 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടം 2020-ഓടെ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ 63 സ്റ്റേഷനുകളും ബ്ലൂ ലൈന്‍ നിര്‍മാണവും പൂര്‍ത്തിയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.