
ദോഹ: ഖത്തറിലെ വിവിധ മേഖലകളില്‍ ഇന്നു രാവിലെയും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യത. മഞ്ഞുമൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നാളെ മുതല്‍ മഞ്ഞിന്റെ ശക്തി കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്. ദോഹയില്‍ ഇന്ന് കൂടിയ താപനില 23 ഡിഗ്രി സെല്‍ഷ്യസും, കുറഞ്ഞ താപനില 13 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
റോഡുകളില്‍ നിശ്ചിത വേഗത്തില്‍ മാത്രമേ യാത്ര ചെയ്യാവൂ. റോഡുകളിലെ വരികള്‍ മാറുകയോ, മറ്റു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശങ്ങളിലുണ്ട്. മഞ്ഞുള്ള സമയങ്ങളില്‍ ബ്രേക്കുകള്‍ നിരന്തരം ഉപയോഗിക്കുക, വരികള്‍ മാറുക, ഹൈ ബീം ലൈറ്റുകള്‍ ഉപയോഗിക്കുക തുടങ്ങിയ സ്ഥിരം പിഴവുകള്‍ വാഹന ഡ്രൈവര്‍മാര്‍ വരുത്താറുണ്ട്. ഇത് അപകടങ്ങള്‍ക്കു കാരണമാകും.
കനത്ത മൂടല്‍മഞ്ഞു കാരണം ദൂരക്കാഴ്ച പൂര്‍ണമായും ഇല്ലാതാകുകയാണെങ്കില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതാണ് ഉചിതമെന്നും അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.