
ദോഹ: ഒമ്പതാമത് രാജ്യാന്തര മര്‍മി ഫാല്‍ക്കണ്‍ മേളക്ക് മിസൈദിലെ സീലൈന്‍ മേഖലയില്‍ തുടക്കമായി. കഴിഞ്ഞ ദിവസം ആരംഭിച്ച പ്രദര്‍ശന മല്‍സരങ്ങള്‍ ഈ മാസം 27 വരെ നീണ്ടുനില്‍ക്കും. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഫാല്‍ക്കണ്‍ മേളകളിലൊന്നായ മര്‍മി മേളയുടെ ആദ്യ ദിവസം തന്നെ മികച്ച പ്രകടനങ്ങളാണ് ഫാല്‍ക്കണുകള്‍ നടത്തിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ വിവിധ മത്സരങ്ങളില്‍ മുന്നിലെത്തുന്നതിന് കടുത്ത മത്സരമായിരിക്കും നടക്കുക.
വിവിധ രാജ്യങ്ങളില്‍ നിന്നായി 55 പേരാണ് ആദ്യ ദിനത്തില്‍ മല്‍സരത്തില്‍ പങ്കാളികളായത്. ആദ്യദിനം നടന്ന 400 മീറ്റര്‍ പറക്കല്‍ മല്‍സരത്തില്‍ നാസര്‍ അല്‍ ഹുമൈദിയുടെ ഫാല്‍ക്കണ്‍ വിജയിയായി. 400 മീറ്റര്‍ പറക്കാന്‍ അല്‍ ജസീറ എന്ന ഓമനപ്പേരുള്ള ഫാല്‍ക്കണ്‍ 18.92 സെക്കന്‍ഡ് സമയമേ വേണ്ടിവന്നുള്ളു. ഇതിനു മുന്‍പുള്ള 19 സെക്കന്‍ഡിന്റെ റെക്കോര്‍ഡ് ആണ് അല്‍ ജസീറ തകര്‍ത്തത്. 10 ഫാല്‍ക്കണുകളായിരുന്നു മല്‍സരത്തില്‍ പങ്കെടുത്തത്.
ഫാല്‍ക്കണുകളെ വളര്‍ത്തുന്നതു ഖത്തരികള്‍ അഭിമാനമായാണു കാണുന്നത്. ഇവയെ ഉപയോഗിച്ചു പക്ഷികളെ വേട്ടയാടുന്നതു ഖത്തരികളുടെ ഇഷ്ടവിനോദവുമാണ്. ഖത്തരി യുവതക്കും പ്രിയപ്പെട്ട രാജ്യത്തിനും മേള സമര്‍പ്പിക്കുകയാണെന്നും പ്രത്യേകിച്ച് വേട്ടക്കാര്‍ക്കും ഫാല്‍ക്കണ്‍ പ്രേമികള്‍ക്കും മികച്ച അവസരം നല്കുകയാണിതിലൂടെയെന്നും 1700 ഓളം യുവാക്കളാണ് മേളയില്‍ പങ്കെടുക്കുന്നതെന്നും സംഘാടക സമിതി ചെയര്‍മാനും കതാറ അല്‍ ഗന്നാസ് സൊസൈറ്റി പ്രസിഡന്റുമായ അലി ബിന്‍ ഖാതം അല്‍ മഹ്ഷദി ഖത്തര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ആദ്യ വര്‍ഷങ്ങളില്‍ ഹുബാറ പക്ഷികളെയായിരുന്നു മത്സരങ്ങളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ അതിന്റെ സംരക്ഷണം അനിവാര്യമായ സാഹചര്യത്തില്‍ ഏഴ് വര്‍ഷമായി ഇലക്േട്രാണിക് ഹുബാറയാണ് ഉപയോഗിച്ചിരുന്നത്. ഏഴുവര്‍ഷത്തിനുശേഷം ഇതാദ്യമായി ജീവനുള്ള ഹബൂറ പക്ഷികളെ വേട്ടയാടല്‍ മല്‍സരത്തില്‍ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.