
ദോഹ: ജീവിതച്ചെലവുകള്‍ ഉയരുമ്പോഴും പ്രവാസികള്‍ക്ക് ആശ്വാസമായി വീട്ടുവാടക ഇനിയും കുറയുമെന്ന് സൂചന. ഒരു ശരാശരി പ്രവാസി മലയാളി കുടുംബത്തിന് 2016 ആദ്യം ആകെ വരുമാനത്തിന്റെ 50% വീട്ടുവാടകയ്ക്കായി മാറ്റിവയ്ക്കേണ്ടി വന്നിരുന്നെങ്കില്‍ 2017 അവസാനപാദമായപ്പോഴേക്കും വാടക 35% ആയി കുറഞ്ഞിരുന്നു. ഈ വര്‍ഷാന്ത്യത്തോടെ വീട്ടുവാടക 30 ശതമാനത്തിലേക്കോ അതിലും താഴേക്കോ എത്തുമെന്ന സൂചനയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നു ലഭിക്കുന്നത്.
ഈ വര്‍ഷാന്ത്യത്തോടെ കൂടുതല്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ രാജ്യത്തു ലഭ്യമാവുകയും ജനസംഖ്യ കാര്യമായി വര്ധിക്കാനിടയില്ലാത്തതിനാലുമാണ് ഈ കുറവെന്നാണ് സൂചന. ഈ വര്‍ഷാന്ത്യത്തോടെ രാജ്യത്തെ പാര്‍പ്പിടങ്ങളുടെ എണ്ണം 2.93 ലക്ഷവും ഹോട്ടല്‍ റൂമുകള്‍ 31,000വും ഓഫിസ് ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ ആകെ വിസ്തൃതി 5.1 കോടി ചതുരശ്രയടിയും ആകുമെന്നാണ് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വാലുസ്ട്രാറ്റ് പറയുന്നത്. ഖത്തറിലെ ജനസംഖ്യ 2016 ഡിസംബര്‍ 31നെ അപേക്ഷിച്ച് 1.7% വര്‍ധനവ് രേഖപ്പെടുത്തി
2017 ഡിസംബര്‍ 31ന് 26.42 ലക്ഷമായിട്ടുണ്ട്. എന്നാല്‍, ജനസംഖ്യ 26.9 ലക്ഷത്തില്‍ (വര്‍ധന 1.8%) അധികരിക്കില്ലെന്നു വാലുസ്ട്രാറ്റ് പറയുന്നു. ജനസംഖ്യ 48,000 വര്‍ധിക്കുമ്പോള്‍ 8,800 പാര്‍പ്പിടങ്ങള്‍ അധികം ലഭിക്കും. പോയവര്‍ഷം അവസാനപാദത്തില്‍ പാര്‍പ്പിട വാടക നാലുശതമാനവും ഓഫിസ് വാടക രണ്ടുശതമാനവും കുറഞ്ഞുവെന്ന് വാലുസ്ട്രാറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം കൂടുതല്‍ പാര്‍പ്പിടങ്ങള്‍ പണിതീര്‍ന്നു ലഭ്യമാവുന്നതിനാല്‍ വാടക ഇനിയും കുറയുമെന്നാണ് അവരുടെ നിഗമനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.