
മസ്കത്ത്: മത്രയില്‍ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു. ഇതിനുള്ള തയാറെടുപ്പിലാണ് മസ്കത്ത് നഗരസഭ. വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രവും രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ ഒന്നുമാണ് മത്ര. വിദേശ സഞ്ചാരികള്‍ക്കുപുറമെ സ്വദേശികളും ഒമാനില്‍ താമസിക്കുന്ന വിദേശികളും ധാരാളമായി എത്തുന്ന മത്രയെ സഞ്ചാരി സൗഹൃദമാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടി
സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനായി കൂടുതല്‍ സൂചനാ ബോര്‍ഡുകളും പൊതു ടോയ്ലറ്റുകളും സ്ഥാപിക്കാനാണ് പദ്ധതി. ഇതോടൊപ്പം, ഇന്ററാക്ടീവ് മാപ്പ് കൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് ക്രൂയിസ് കപ്പലുകളില്‍ എത്തുന്നവരില്‍ ഏറെയും പകല്‍ സമയങ്ങള്‍ മത്ര സൂഖിലും കോര്‍ണിഷ്, കല്ബൂ പാര്‍ക്ക്, റിയാം പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലുമായാണ് സമയം ചെലവഴിക്കുന്നത്. കപ്പലുകളില്‍ എത്തുന്നവര്‍ക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് അറിവ് പകരുക ലക്ഷ്യമിട്ടാണ് ഇന്ററാക്ടിവ് മാപ്പ് ഒരുക്കുന്നത്.
ഇത്തരം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്കുകള്‍, ഗതാഗത മാര്‍ഗം തുടങ്ങിയ വിവരങ്ങളും മാപ്പില്‍ ലഭ്യമാക്കും. മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുന്നത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും അതുവഴി വരുമാന വര്‍ധനവിനും കാരണമാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. നിരവധി ഇടറോഡുകളും മറ്റുമുള്ള സൂഖില്‍ വഴിതെറ്റാതിരിക്കാന്‍ സൂചനാ ബോര്‍ഡുകള്‍ ഏറെ സൗകര്യപ്രദമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.