Currency

ഒമാനില്‍ ശിക്ഷാനിയമം പരിഷ്‌കരിച്ചു

സ്വന്തം ലേഖകന്‍Monday, January 15, 2018 12:43 pm

ഒമാന്‍: ഒമാനില്‍ ശിക്ഷാനിയമം പരിഷ്‌കരിച്ച് സുല്‍ത്താന്റെ ഉത്തരവ് ഇപുറത്തിറങ്ങി. ഗസറ്റില്‍ ഉത്തരവ് പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമപ്രകാരം ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വില്‍പന നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും പത്ത് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും. അതേസമയം കേടായ ഭക്ഷണം കഴിച്ച് ആരെങ്കിലും മരണപ്പെട്ടാല്‍ ശിക്ഷ 15 വര്‍ഷമായി ഉയരും.

നിയമത്തിന് വിരുദ്ധമായ ഏതെങ്കിലും രീതിയില്‍ വ്യക്തിയുടെ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്തതായി തെളിയുന്ന കേസുകളില്‍ മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. രാജ്യത്തിന്റെ അഭിമാനത്തെ ഹനിക്കുന്നതോ സാമ്പത്തിക മേഖലയുടെ ആത്മവിശ്വാസത്തെ മുറിപ്പെടുത്തുന്നതോ ആയ തെറ്റായ വാര്‍ത്തകളോ ഊഹാപോഹങ്ങളോ ബോധപൂര്‍വം പ്രചരിപ്പിക്കുന്നവര്‍ക്ക് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കും.

ഔദ്യോഗിക ജോലിക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ, ഇസ്‌ലാമിനെയോ ഖുര്‍ആനെയോ പ്രവാചകന്‍മാരെയോ അല്ലെങ്കില്‍ മറ്റ് ദൈവിക മതങ്ങളെയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മുതല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷയുമാണ് വ്യവസ്ഥ ചെയ്യുന്നത്.

ആംബുലന്‍സിന്റെയൊ പൊതുസുരക്ഷാ വാഹനങ്ങളുടെയോ സുഗമമായ ഗതാഗതം ബോധപൂര്‍വം തടസപ്പെടുത്തന്നവര്‍ക്കും തടവ് ശിക്ഷ ലഭിക്കും. ശത്രുക്കള്‍ക്ക് രാജ്യത്തിന് അകത്തേക്ക് കടക്കാന്‍ സൗകര്യമൊരുക്കുകയോ വിവരങ്ങള്‍ കൈമാറി സൗകര്യമൊരുക്കുയോ ചെയ്യുന്നവര്‍ക്ക് വധശിക്ഷ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x