Currency

ദേശീയ ഗതാഗത സുരക്ഷാ പദ്ധതി; രണ്ടാംഘട്ടം 16 മുതല്‍

സ്വന്തം ലേഖകന്‍Tuesday, January 16, 2018 12:18 pm

ദോഹ: 2018-22 കാലയളവിലേക്കുള്ള ദേശീയ ഗതാഗത സുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയാണ് ഉദ്ഘാടനം ചെയ്യുന്നത്. റോഡ് സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതില്‍ മേഖലാ തലത്തില്‍ ഖത്തര്‍ മുന്നിലാണ്. ആഗോള തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഖത്തര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളുമായും ഏജന്‍സികളുമായും ചേര്‍ന്ന് 2013-22 കലായളവിലേക്കാണ് ദേശീയ ഗതാഗത സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.

റോഡ് സുരക്ഷാ മേഖലയില്‍ ലോകതലത്തില്‍ ഖത്തറിന്റെ സ്ഥാനം ഉയര്‍ത്താന്‍ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ രംഗത്ത് ഖത്തര്‍ ഐക്യരാഷ്ട്രസഭയുടെ ഗ്ലോബല്‍ റോഡ് സേഫ്റ്റിയില്‍ ഇടം നേടിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വലിയ ഫലങ്ങളാണ് ലഭിച്ചത്. 2013ല്‍ 235 പേര്‍ അപകടങ്ങളില്‍ മരിച്ചപ്പോള്‍ 2016ല്‍ 178 ആയി കുറഞ്ഞു. ഇത് ഗതാഗത സുരക്ഷാ രംഗത്ത് ഖത്തറിന് മികച്ച നേട്ടമുണ്ടാക്കുന്നതിന് സഹായിച്ചു. 2017ല്‍ 400 കിലോമീറ്റര്‍ ഹൈവേയാണ് റോഡ് ഗതാഗത മേഖലയില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

അതേസമയം വികസിത രാഷ്ട്രങ്ങളുടെ നിരയിലേക്ക് ഖത്തറിനെ ചലിപ്പിക്കുകയെന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് 2018-22 കാലയളവിലേക്കുള്ള രണ്ടാം ഘട്ടപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഖത്തറിന്റെ ദേശീയ പദ്ധതിയായ വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ഇത് സഹായകമാകും. 2022 ആകുമ്പോഴേക്ക് മരണനിരക്ക് 50 ശതമാനം ആക്കി കുറക്കാനും വാഹനാപകടങ്ങളുടെ എണ്ണം 400ലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് വ്യക്തമായ പദ്ധതികളാണ് രണ്ടാം ഘട്ടത്തില്‍ നടപ്പാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x