Currency

മസ്‌കത്തില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം അതിവേഗം പുരോഗമിക്കുന്നു

സ്വന്തം ലേഖകന്‍Friday, January 19, 2018 4:24 pm

മസ്‌കത്ത്: സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ 25,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി അതിവേഗം മുന്നേറുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം 2097 സ്വദേശികള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

ജനറല്‍ എജുക്കേഷന്‍ ഡിപ്ലോമയിലും താഴെ യോഗ്യതയുള്ളവരാണ് ജോലിയില്‍ പ്രവേശിച്ചവരില്‍ അധികവും, 1034 പേര്‍. ജനറല്‍ എജുക്കേഷന്‍ ഡിപ്ലോമ യോഗ്യതയുള്ള 673 പേരും സര്‍വകലാശാല ബിരുദം, ഡിപ്ലോമ യോഗ്യതയുള്ള 381 പേരും ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ഒക്‌ടോബറില്‍ മന്ത്രിസഭാ കൗണ്‍സില്‍ നടത്തുകയും ഡിസംബര്‍ മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

വിദേശ തൊഴിലാളികളെ നിയമിക്കണമെന്നുള്ളവര്‍ സ്വദേശിവത്കരണം സംബന്ധിച്ച പദ്ധതികള്‍ സര്‍ക്കാറിന് സമര്‍പ്പിക്കണമെന്നും കഴിഞ്ഞവര്‍ഷം മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞമാസം 31 ആയിരുന്നു ഇതിനായുള്ള അവസാന തീയതി. പദ്ധതി സമര്‍പ്പിക്കാത്ത കമ്പനികളുടെ വിസക്കായുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്നും മന്ത്രാലയം അറിയിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x