
ദോഹ: രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ കടല്‍ത്തീരങ്ങളില്‍ 65 കിലോമീറ്റര്‍ നീളം വരുന്ന തീരത്ത് നിന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നീക്കം ചെയ്തത് 170 ടണ്ണിലധികം ഭാരം വരുന്ന മാലിന്യങ്ങള്‍. മന്ത്രാലയത്തിന് കീഴിലെ പൊതു ശുചീകരണ വകുപ്പ് വിവിധ ഘട്ടങ്ങളിലായി നടത്തിയ ശുചീകരണ കാമ്പയിന്റെ ഭാഗമായാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്.
കാമ്പയിന് ജനുവരി ഒന്നിനാണ് ആരംഭിച്ചതെന്ന് പൊതു ശുചീകരണ വകുപ്പ് ഡയറക്ടര്‍ സഫര്‍ അല്‍ ശാഫി പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ അബു സലൂഫ് മുതല്‍ അല്‍ അരീഷ് വരെയാണ് മാലിന്യം നീക്കം ചെയ്തത്. 30 ടണ്‍ മാലിന്യങ്ങളാണ് ഇവിടെ നിന്നും നീക്കം ചെയ്തത്. അല്‍ അരീഷ് മുതല്‍ അല്‍ സുബാറ വരെ 70 ടണ്ണിലധികം മാലിന്യങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഒഴിവാക്കിയത്. മൂന്നാം ഘട്ടത്തില്‍ സുബാറ മുതല്‍ ഉമ്മുല്‍ മആ വരെയുള്ള 70 ടണ്‍ മാലിന്യങ്ങളും നീക്കം ചെയ്തു.
രാജ്യത്തെ മുഴുവന്‍ കടല്‍ത്തീരങ്ങളും ഇത്തരത്തില്‍ ശൂചീകരിക്കുമെന്നും അല്‍ ശാഫി വ്യക്തമാക്കി. വാരാന്ത്യങ്ങളില്‍ ബീച്ചുകളിലും ചെറു ദ്വീപുകളിലും ഒഴിവ് സമയങ്ങള്‍ ചെലവഴിക്കാനായി നിരവധി പേരാണ് എത്തുന്നത്. സന്ദര്‍ശകര്‍ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നിശ്ചയിക്കപ്പെട്ട ഇടങ്ങളില്‍ തന്നെ നിക്ഷേപിക്കണമെന്നും അലക്ഷ്യമായി വലിച്ചെറിയരുതെന്നും പൊതു ശുചീകരണ വകുപ്പ് ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.