Currency

ഒമാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇ-വിസയില്‍ ഏഴുമടങ്ങ് വര്‍ധന

സ്വന്തം ലേഖകന്‍Wednesday, January 24, 2018 12:33 pm

മസ്‌കത്ത്: ഒമാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് അനുവദിച്ച ഇ-വിസയില്‍ ഏഴുമടങ്ങ് വര്‍ധന. കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 35,920 ഇ-വിസകളാണ്. 2016ല്‍ 4741 ഇ-വിസ മാത്രമാണ് അനുവദിച്ചതെന്നും ഇന്ത്യന്‍ എംബസിയുടെ കണക്കുകള്‍ പറയുന്നു. ഇന്ത്യയിലേക്ക് ബിസിനസ്, വിനോദസഞ്ചാരം, ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്ന ഒമാനികള്‍ക്കും ഒമാനില്‍ താമസിക്കുന്ന മറ്റു രാജ്യക്കാര്‍ക്കുമാണ് ഇ-വിസ അനുവദിക്കുക.

അതേസമയം, സാധാരണ പേപ്പര്‍വിസയുടെ എണ്ണത്തില്‍ മുപ്പതിനായിരത്തോളം കുറവുണ്ടായി. കഴിഞ്ഞവര്‍ഷം 65,658 പേപ്പര്‍ വിസകളാണ് അനുവദിച്ചത്. ഇത് 2016ല്‍ 95,134 ആയിരുന്നു. മൊത്തം 1,01,578 വിസകളാണ് മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍നിന്ന് കഴിഞ്ഞവര്‍ഷം അനുവദിച്ചത്. 2016ലാകട്ടെ മൊത്തം 99,875 ആയിരുന്നു.

റെഗുലര്‍ മെഡിക്കല്‍ വിസകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 22 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. 24,575 പേപ്പര്‍ വിസകളാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചത്. ഇലക്‌ട്രോണിക് മെഡിക്കല്‍ വിസകളും അനുവദിച്ചിട്ടുണ്ടെങ്കിലും കൃത്യമായ എണ്ണം ലഭ്യമല്ല. നിയമങ്ങളില്‍ വരുത്തിയ മാറ്റമാണ് ഇ-വിസ വര്‍ധിക്കാന്‍ കാരണമെന്ന് അംബാസഡര്‍ ഇന്ദ്രമണി പാണ്‌ഡെ പറഞ്ഞു. ഒന്നിലധികം സന്ദര്‍ശനങ്ങള്‍ അനുവദിക്കുന്നതും താമസകാലാവധി വര്‍ധിപ്പിച്ചതുമെല്ലാം ഇ-വിസയെ സന്ദര്‍ശകര്‍ക്കിടയില്‍ പ്രിയങ്കരമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x