
ദോഹ: വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സന്ദേശം അയയ്ക്കുന്നവരും ചാറ്റ് ചെയ്യുന്നവരും ശ്രദ്ധിക്കുക. ഇനി ഡ്രൈവിങ്ങിനിടെ മൊബൈല്‍ ചാറ്റിങ്, സന്ദേശം അയയ്ക്കല്‍, ഗെയിം കളിക്കല്, മറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശോധിക്കല്‍ ഇവയൊക്കെ ചെയ്യുന്നവര്‍ പിഴ അടയ്ക്കേണ്ടി വരും. ഇത്തരം കാര്യങ്ങളും ഇനി നിയമലംഘനത്തില്‍പ്പെടും. നിലവില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് മാത്രമാണ് നിയമലംഘനമായി കണക്കാക്കിയിരുന്നത്. ഇതിന് 500 റിയാല്‍ പിഴ ഈടാക്കുകയും മൂന്ന് പോയിന്റുകള്‍ കുറക്കുകയുമാണ് ചെയ്തിരുന്നത്.
ഡ്രൈവിങ്ങിനിടെ ചാറ്റിങ്ങിലും ഗെയിമിലും ഏര്‍പ്പെടുന്നവരെ കണ്ടെത്താന്‍ ഉടന്‍ പരിശോധന പ്രചാരണം തുടങ്ങും. എന്നാല്‍ ഇതിനുമുന്‍പായി പുതിയ തീരുമാനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സമഗ്രമായ ബോധവത്കരണ പ്രചാരണം നടത്തുമെന്ന് ഗതാഗതവകുപ്പ് വക്താവ് വെളിപ്പെടുത്തി. സാമൂഹിക മാധ്യമങ്ങളിലൂടെയും പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെയും ബോധവത്കരണം നടത്തും.
രാജ്യത്തെ വാഹനാപകടങ്ങളിലെ പ്രധാന കാരണങ്ങളില്‍ അതിവേഗം മാത്രമല്ലെന്നും ഇത്തരത്തില്‍ ചാറ്റിങ്ങും മറ്റും പെട്ടെന്നുള്ള അപകടങ്ങള്‍ക്ക് കാരണമാകുമെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അപകടനിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ നടപടികള്‍ക്ക് വകുപ്പ് ഒരുങ്ങുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.