Currency

സ്വദേശിവത്ക്കരണം: ഒമാനില്‍ 87 തസ്തികകളില്‍ തൊഴില്‍ വിസാ നിരോധനം

സ്വന്തം ലേഖകന്‍Monday, January 29, 2018 11:55 am

മസ്‌കത്ത്: ഒമാനില്‍ 87 തസ്തികകളില്‍ പ്രവാസികള്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തി. ആറ് മാസത്തേക്കാണ് വിലക്ക്. മലയാളികള്‍ വ്യാപകമായി ജോലിയെടുക്കുന്ന തസ്തികകളിലാണ് വിസാ വിലക്ക് എന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

തൊഴില്‍മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ബക്‌രിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 10 വിഭാഗങ്ങളില്‍ 87 തസ്തികകളിലേക്ക് ആറ് മാസക്കാലത്തേക്കാണ് വിസാ വിലക്ക്. ഐടി, അക്കൗണ്ടിങ്ങ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് സെയില്‍, അഡ്മിനിസ്‌ട്രേഷന്‍ മാനവവിഭം, ഇന്‍ഷ്വറന്‍സ്, ഇന്‍ഫര്‍മേഷന്‍ മീഡിയ, മെഡിക്കല്‍, എന്‍ജിനിയറിംഗ്, ടെക്‌നിക്കല്‍ എന്നീ മേഖലകളില്‍ നിന്നുള്ള 87 തസ്തികകള്‍ക്കാണ് തൊഴില്‍ നിരോധനം. സാധാരണക്കാരായ പ്രവാസികള്‍ മുതല്‍ ഉയര്‍ന്ന തസ്തികകളില്‍ ഉള്ളവര്‍ക്കുവരെ പുതിയ സാഹചര്യത്തില്‍ ഒമാനിലേക്ക് വരാന്‍ സാധിക്കില്ല.

ആറ് മാസത്തേക്കാണ് നിരോധനം എങ്കിലും തുടര്‍ന്ന് നിരോധനം പിന്‍വലിക്കുമെന്നതില്‍ വ്യക്തതയില്ല. 2013ല്‍ ആറ് മാസത്തേക്ക് വിസാ നിരോധനം ഏര്‍പ്പെടുത്തിയ വിവിധ തസ്തികകളില്‍ ഇപ്പോഴും നിരോധനം തുടരുകയാണ്. ഓരോ ആറ് മാസം കഴിയുമ്പോഴും കാലാവധി ദീര്‍ഘിപ്പിക്കുകയാണ് ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x