Currency

ഒമാനില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കും

സ്വന്തം ലേഖകന്‍Thursday, February 1, 2018 12:26 pm

മസ്‌കത്ത്: ഒമാനിലെ പുതിയ ഗതാഗത നിയമം നിലവില്‍ വരുന്നതോടെ അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കും. ഗതാഗത നിയമലംഘനത്തിന് ഒരു വര്‍ഷം 12 ബ്ലാക്ക് പോയിന്റിലധികം ലഭിച്ചാല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കുക. മാര്‍ച്ച് ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നേരത്തേ രണ്ടുവര്‍ഷ കാലയളവില്‍ കണക്കാക്കിയിരുന്ന പോയന്റ് വ്യവസ്ഥ ഭേദഗതിയില്‍ ഒരു വര്‍ഷമാക്കുകയായിരുന്നു.

അമിതവേഗതക്കുള്ള പിഴയില്‍ മാറ്റമുണ്ട്. 35 കിലോമീറ്ററില്‍ താഴെയാണ് വേഗതയെങ്കില്‍ നിലവിലെ നിരക്കായ പത്തു റിയാലാണ് ചുമത്തുക. അധിക വേഗം 50 കിലോമീറ്ററിനും 75 കിലോമീറ്ററിനുമിടയിലാണെങ്കില്‍ 35 റിയാല്‍ പിഴ ഈടാക്കുകയും രണ്ടു ബ്ലാക്ക് പോയന്റ് ചുമത്തുകയും ചെയ്യും. 75 കിലോമീറ്ററിന് മുകളിലാണ് വേഗമെങ്കില്‍ 50 റിയാല്‍ പിഴയും മൂന്നു ബ്ലാക്ക് പോയിന്റ് ചുമത്തുകയും ചെയ്യും.

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുള്ള പിഴയില്‍ മാറ്റമില്ല. 90 ദിവസത്തിനുള്ളില്‍ വീണ്ടും മൊബൈല്‍ ഉപയോഗത്തിന് പിടിയിലാകുന്നവരെ വാഹനമടക്കം കസ്റ്റഡിയില്‍ എടുക്കും. എഞ്ചിന്റെ ശേഷിയും ശബ്ദവും കൃത്രിമ ഉപകരണങ്ങള്‍ സ്ഥാപിച്ച് വര്‍ധിപ്പിക്കുന്നവര്‍ അമ്പത് റിയാല്‍ പിഴയൊടുക്കണം. ആംബുലന്‍സുകള്‍ക്കുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്താല്‍ 35 റിയാലും വികലാംഗര്‍ക്കുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്താല്‍ അമ്പത് റിയാലുമായിരിക്കും പിഴ.

വാഹനം വേഗത കുറച്ച് ഓടിച്ച് ഗതാഗത കുരുക്ക് ഉണ്ടാക്കുന്നവരില്‍ നിന്ന് 15 റിയാലാകും ഈടാക്കുക. ഷോള്‍ഡറിലൂടെ മറികടക്കുന്നവര്‍ക്ക് അമ്പത് റിയാലാണ് പിഴ. ഹെവി വാഹനങ്ങളില്‍ റിഫ്‌ലക്ടീവ് പാനലുകള്‍ സ്ഥാപിച്ചതിന് പിടിയിലാകുന്നവര്‍ 15 റിയാലും പിഴയൊടുക്കേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x