
മസ്കത്ത്: മുവാസലാത്ത് ടാക്സി നിരക്കുകള്‍ കുറച്ചു. ഓണ്‍കാള്‍ ടാക്സിക്കും മാളുകളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ക്കും ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഫെബുവരി ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് മുവാസലാത്ത് അധികൃതര്‍ അറിയിച്ചു. കിലോമീറ്റര്‍ നിരക്കുകളില്‍ ചെറിയ കുറവ് വരുത്തിയതിനൊപ്പം ഓണ്‍കാള്‍ സേവനങ്ങള്‍ക്ക് ബുക്കിങ് നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരില്‍നിന്നുള്ള അഭിപ്രായസ്വരൂപണം കണക്കിലെടുത്താണ് നിരക്കുകളിലെ പരിഷ്കരണമെന്ന് അധികൃതര്‍ അറിയിച്ചു.
ഓണ്‍കാള്‍ ടാക്സിക്കും മാളുകളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ക്കും പകല്‍ സമയം ഒരു റിയാലാണ് ഈടാക്കുക. രാത്രിയില്‍ 1.3 റിയാലും ഈടാക്കും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ആദ്യത്തെ 30 കിലോമീറ്റര്‍ വരെ 200 ബൈസയും ഇതില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നവരില്‍ നിന്ന് 150 ബൈസയും ഈടാക്കും. മാളുകളില്‍ നിന്ന് ആദ്യ കിലോമീറ്ററിന് ഒരു റിയാലും ഓണ്‍ കാള്‍ ടാക്സികള്‍ക്ക് 1.2 റിയാലുമായിരുന്നു ഇതുവരെയുള്ള നിരക്ക്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 300 ബൈസയും ഈടാക്കി. വൈകിട്ട് യഥാക്രമം 1.3 റിയാലും 1.5 റിയാലുമായിരുന്നു. കിലോമീറ്ററിന് 350 ബൈസ തോതിലും ഈടാക്കി.
ഡിസംബര്‍ 12നാണ് മുവാസലാത്ത് ടാക്സി സര്‍വ്വീസ് ആരംഭിച്ചത്. മസ്കത്തിലെ വിവിധ മാളുകളില്‍ നിന്ന് മുവാസലാത്ത് ടാക്സി സര്‍വ്വീസുകളുണ്ട്. എയര്‍പോര്‍ട്ട് ടാക്സി ഉടന്‍ സര്‍വ്വീസ് ആരംഭിക്കും. മുവാസലാത്തിന് ഒപ്പം മീറ്റര്‍ ടാക്സി സേവനത്തിന് ലൈസന്‍സ് ലഭിച്ച മര്‍ഹബയും ടാക്സി നിരക്കുകള്‍ ഡിസംബറില്‍ കുറച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.