
ദോഹ: ഖത്തറിലെ എല്ലാ നഗരസഭകളിലും പുതിയ പൊതുശുചിത്വ നിയമം ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സ്ട്രീറ്റുകള്‍, നടപ്പാതകള്‍, പാര്‍ക്കുകള്‍, ഗാര്‍ഡനുകള്‍, ബീച്ചുകള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മാലിന്യമിടുന്നതു കര്‍ശനമായി തടയുന്നതാണു പുതിയ നിയമം. റോഡരികിലോ നടപ്പാതകളിലോ തുപ്പിയാല്‍ 500 റിയാലാണ് പിഴ.
ഗുരുതരമായ ലംഘനങ്ങള്‍ക്കു കൂടിയതു 25,000 റിയാല്‍ വരെ പിഴയോ ഒരു വര്‍ഷത്തെ തടവോ അല്ലെങ്കില്‍ രണ്ടും ചേര്‍ത്തോ നല്‍കാനാണു പുതിയ നിയമത്തിലെ വ്യവസ്ഥ. 1974 ലെ പൊതു ശുചിത്വനിയമത്തിനു പകരമായി 2017ലെ 18ാം നമ്പര്‍ നിയമമാണ് പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ ഒക്ടോബറിലാണു പുതിയ നിയമത്തിനു ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കിയത്. നിയമലംഘനം നടത്തിയ സ്ഥലത്തെ നഗരസഭ ഓഫിസില്‍ നിശ്ചിത തീയതിക്കു മുന്‍പായി പിഴത്തുക അടയ്ക്കണം.
അല്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും. പുതിയ ശുചിത്വ നിയമത്തെക്കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള നടപടികളും നഗരസഭകള്‍ ആരംഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.