
ദോഹ: ഖത്തറില്‍ പുതിയ ശുചിത്വ നിയമം നിലവില്‍ വന്നു. ഫെബ്രുവരി ഒന്നുമുതലാണ് പൊതു ശുചിത്വ നിയമം പ്രാബല്യത്തിലായത്. നിയമ ലംഘകരില്‍ നിന്ന് വലിയ പിഴ ഈടാക്കും. 300 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് ശുചിത്വനിയമം പാലിക്കാത്ത നിയമലംഘകര്‍ പിഴയൊടുക്കേണ്ടി വരിക.
പൊതു ഇടങ്ങള്‍ കൂടുതല്‍ വൃത്തിയോടെ നിലനിര്‍ത്താനുതകുന്ന തരത്തിലാണ് പുതിയ ശുചിത്വ നിയമം നടപ്പിലാക്കുന്നത്. പൊതു സ്ഥലത്ത് തുപ്പുകയോ, ടിഷ്യു പേപ്പര്‍, കുപ്പികള്‍, ഗാര്‍ബേജ് എന്നിവ വലിച്ചെറിയുകയോ ചെയ്താല്‍ 500 റിയാല്‍ പിഴ ഈടാക്കും. വീടുകള്‍ക്ക് മുമ്പില്‍ ഭക്ഷ്യാവശിഷ്ടങ്ങളോ ഗാര്ബേജോ കൂട്ടിയിട്ടാല്‍ 300 റിയാലാണ് പിഴ.
പൊതു ഇടങ്ങള്‍ക്ക് അഭിമുഖമായി വസ്ത്രങ്ങളോ കാര്‍പ്പറ്റുകളോ തൂക്കിയിടുന്നവര്ക്കുള്ള പിഴ 500 റിയാലായിരിക്കും. എന്നാല്‍ റോഡുകള്‍ മലിനമാക്കുന്നതിനാണ് കൂടുതല്‍ പിഴ. വാഹനങ്ങളില്‍ നിന്ന് എന്തെങ്കിലും പുറത്തേക്കിട്ടാല്‍ 3000 റിയാലും റോഡില്‍ മലിനജലം ഒഴുക്കിയാല്‍ 5000 റിയാലും കെട്ടിടാവശിഷ്ടങ്ങള്‍ തള്ളുന്നവര്‍ക്ക് 6000 റിയാലുമാണ് പിഴ.
വാഹനങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ മതിയായ രീതിയില്‍ കവര്ചെയ്തിട്ടില്ലെങ്കില് 2000 റിയാല്‍ പിഴ ഈടാക്കും. വ്യാപകമായി ശുചിത്വ ബോധവത്കരണം നടത്തിയതിനുശേഷമാണ് രാജ്യത്ത് നിയമം പ്രപല്യത്തില് കൊണ്ടുവന്നത്. നിയമം നടപ്പിലാക്കുക വഴി രാജ്യത്ത് സമ്പൂര്‍ണശുചിത്വം കൊണ്ടുവരാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.