Currency

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഖത്തര്‍ ബഹുദൂരം മുന്‍പില്‍; പ്രവാസികള്‍ ഉള്‍പ്പെടെ 95% ആളുകളും നെറ്റ് ഉപയോഗിക്കുന്നവര്‍

സ്വന്തം ലേഖകന്‍Wednesday, February 7, 2018 12:57 pm

 

ദോഹ: ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അറബ് മേഖലയില്‍ ഖത്തര്‍ മുന്നില്‍. ഖത്തറിലെ 95.8% വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണെന്നും പ്രവാസികള്‍ ഉള്‍പ്പെടെ 95% ആളുകളും നെറ്റ് ഉപയോഗിക്കുന്നവരാണെന്നും വാര്‍ത്താവിനിമയ ഗതാഗത മന്ത്രാലയം. രാജ്യാന്തര ഇന്റര്‍നെറ്റ് ദിനാചരണ ഭാഗമായി മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്റര്‍നെറ്റ് സാന്ദ്രതയില്‍ മാത്രമല്ല സാമൂഹ്യമാധ്യങ്ങളുടെ ഉപയോഗത്തിലും ഖത്തരികള്‍ ഏറെ മുന്നിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വദേശികള്‍ ആഴ്ചയില്‍ ശരാശരി 45 മണിക്കൂര്‍ നെറ്റില്‍ ചെലവിടുമ്പോള്‍ മേഖലയിലെ ഇതര രാജ്യക്കാര്‍ ഇതിന്റെ പകുതിസമയം മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം നടത്തുന്ന പ്രചാരണമാണു ഖത്തറിനെ ഇന്റര്‍നെറ്റ് സാന്ദ്രതയിലും ഉപയോഗത്തിലും മുന്നിലെത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറില്‍ 93% ആളുകള്‍ ഉപയോഗിക്കുന്ന സാമൂഹികമാധ്യമം വാട്‌സാപ് ആണ്. 70 ശതമാനവുമായി സ്നാപ്ചാറ്റും 64 ശതമാനവുമായി ഇന്‍സ്റ്റാഗ്രാമും ആണു തൊട്ടുപിന്നില്‍. സാമൂഹിക സാമ്പത്തിക സാംസ്‌കാരിക തലങ്ങളില്‍ സുസ്ഥിരവികസനം ഉറപ്പാക്കുന്നതിനുള്ള ചാലകശക്തിയായി ഇന്റര്‍നെറ്റ് സാങ്കേതികതയെ മാറ്റാനാണ് ഖത്തറിന്റെ ശ്രമം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x