
ദോഹ: ഖത്തറിന് ഐക്യദാര്‍ഢ്യവുമായി രാജ്യത്തിലൂടെ 190 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രിക്കു തയാറെടുത്ത് മലയാളികളുള്‍പ്പെടെ 15 പ്രവാസികള്‍. ‘ട്രാന്‍സ് ഖത്തര്‍ റണ്‍ 2018’ എന്നു പേരിട്ട ക്രോസ് കണ്ട്രി 23, 24 തീയതികളിലായാണ് നടക്കുക. ഖത്തറിന്റെ തെക്കന്‍ മേഖലയിലെ മരുഭൂമിയില്‍നിന്ന് 23നു രാവിലെ ആരംഭിക്കുന്ന ക്രോസ് കണ്ട്രി പിറ്റേന്നു രാവിലെ വടക്ക് അല്‍ ഷമാല്‍ പാര്‍ക്കില്‍ അവസാനിക്കും.
24 മണിക്കൂറില്‍ ദൂരം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. പാലാ സ്വദേശി വിനോദ് ഗോപിനാഥ്, എറണാകുളം സ്വദേശി മനു ചന്ദ്രന്, അനില്‍ ചൗഹാന് എന്നിവരാണു ക്രോസ് കണ്ട്രിയില് പങ്കെടുക്കുന്ന ഇന്ത്യക്കാര്‍. ഫ്രാന്‍സ്, ഫിലിപ്പീന്‍സ്, സിറിയ, കാനഡ, മൊറോക്കോ, നൈജീരിയ, സ്പെയിന്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളും ക്രോസ് കണ്ട്രിയില് പങ്കെടുക്കുന്നുണ്ട്.
അന്‍പതു കിലോമീറ്റര്‍ ഇടവിട്ടു വിശ്രമവേളയുണ്ടായിരിക്കും. ഒരു മാസത്തിലേറെയായി ക്രോസ് കണ്ട്രിക്കുള്ള ഒരുക്കത്തിലാണു തങ്ങളെന്നു വിനോദ് ഗോപിനാഥ് പറഞ്ഞു. ജിപിഎസ് സംവിധാനം ഉപയോഗിച്ചാണു ക്രോസ് കണ്ട്രിക്കുള്ള പാത തയാറാക്കിയിട്ടുള്ളത്. സുരക്ഷാ മുന്കരുതലുള്പ്പെടെയുള്ളവയും സ്വീകരിച്ചിട്ടുണ്ടെന്നു വിനോദ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.