
ദോഹ: രാജ്യത്തെ പൊതുപാര്‍ക്കുകളില്‍ സൗജന്യ വൈഫൈ പദ്ധതി വരുന്നു. പാര്‍ക്കുകളില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വിനോദത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയം പദ്ധതി നടത്തുന്നത്. വകുപ്പ് ഇതിനകം തുറന്ന 92 പൊതുപാര്‍ക്കുകളില്‍ 2018ല്‍ തന്നെ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഒരുക്കും. പാര്‍ക്കുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും ആലോചനയുണ്ടെന്ന് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഖോരി പറഞ്ഞു.
92 പാര്‍ക്കുകളില്‍ 11 എണ്ണം കഴിഞ്ഞ വര്‍ഷമാണ് തുറന്നത്. 38 പാര്‍ക്കുകള്‍ ദോഹ മേഖലയിലും അല്‍റയ്യാന്‍ ഭാഗത്ത് 20 പാര്‍ക്കുകളുമുണ്ട്. ഷഹാനിയ ഭാഗത്ത് മൂന്ന് പാര്‍ക്കുകളാണുള്ളത്. ഫിറ്റ്‌നസ് ഉപകരണങ്ങള്‍, ജലധാര, ലൈറ്റുകള്‍, ഫുട്ബാള്‍, ബാസ്‌ക്കറ്റ്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയതാണ് പുതുതായി തുറന്ന പാര്‍ക്കുകള്‍.
പാര്‍ക്കുകളില്‍ വൈദ്യുതി ഉപഭോഗം കുറക്കാന്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ജലത്തിന്റെ ഉപയോഗം കുറക്കാന്‍ ആധുനിക ജലസേചന മാര്‍ഗങ്ങളും അവലംബിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.