
മസ്കത്ത്: തൊഴില്‍ തര്‍ക്കങ്ങളും തൊഴില്‍ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്കും പരിഹാരം വേഗത്തിലാക്കാന്‍ ദിവാന് ഓഫ് റോയല്‍ കോര്‍ട്ട് മുന്‍കൈയെടുത്ത് ജുഡീഷ്യല്‍ സമ്പ്രദായം വികസിപ്പിക്കുന്നു. ന്യായാധിപന്മാരെയും പബ്ലിക് പ്രോസിക്യൂഷന് അംഗങ്ങളെയും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ കൂടുതലായി നിയമിക്കുന്നതിനാണ് പദ്ധതി.
ഇതുസംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള സുപ്രീം ജുഡീഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറില്‍ ഒപ്പുവെച്ചു. നിസ്വയിലെ സുപ്രീം ജുഡീഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നല്കിയ ശേഷമായിരിക്കും നിയമനം. മികച്ച ബിസിനസ് അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ തൊഴില്‍ മാര്‍ക്കറ്റിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ കരുതുന്നു. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ ന്യായാധിപന്മാര് അടക്കമുള്ളവരെ പരിശീലനം നല്‍കിയശേഷം നിയമിക്കുന്നതിനുള്ള തീരുമാനം.
ഇതോടെ, തൊഴില്‍ പ്രശ്നങ്ങള്‍ക്കും മറ്റും 200 ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും. ഇത് തൊഴില്‍ മേഖലയുടെ നിലവാരം മെച്ചപ്പെടുത്താനും ബിസിനസ് സൗഹൃദ അന്തരീക്ഷമുണ്ടാക്കാനും കഴിയും. നിലവില്‍ ചില കേസുകളില്‍ നിയമ നടപടികള്‍ 600 ദിവസം വരെ നീണ്ടുപോകുന്നുണ്ട്. തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നത് തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കും ഗുണപ്രദമായിരിക്കും.
തൊഴില്‍വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയെന്നത് സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ‘തന്ഫീദ്’ ലാബുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.