Currency

ബാങ്ക് അക്കൗണ്ടുകള്‍ക്ക് നാഷണല്‍ അഡ്രസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി; ഏപ്രില്‍ 14ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം

സ്വന്തം ലേഖകന്‍Saturday, February 24, 2018 1:30 pm

 

ജിദ്ദ: ബാങ്ക് അക്കൗണ്ടുകള്‍ക്ക് കൃത്യമായ വിലാസവും ലൊക്കേഷന്‍ വിശദാംശങ്ങളും നിര്‍ബന്ധമാക്കി. നാഷണല്‍ അഡ്രസ് സിസ്റ്റം നടപ്പാക്കണമെന്ന സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ (സാമ) നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്കുകളുടെ നീക്കം. നാഷണല്‍ അഡ്രസ് സിസ്റ്റത്തിലെ രജിസ്‌ട്രേഷനാണ് ഇതിനാവശ്യം. ഇതിനായി ഏപ്രില്‍ 14 ന് മുമ്പായി എല്ലാ അക്കൗണ്ട് ഉടമകളും നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും അത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം.

ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (ജി.ഐ.എസ്) അധിഷ്ഠിതമായ ഏകീകൃത വിലാസത്തിന്റെ ഡാറ്റ ശേഖരമാണ് നാഷനല്‍ അഡ്രസ് സിസ്റ്റം. അറബ് ലോകത്ത് സൗദി അറേബ്യയാണ് ആദ്യമായി ഈ സംവിധാനം നടപ്പാക്കിയത്. സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ ഇത് വഴിയൊരുക്കും.

വിവിധ ബാങ്കുകള്‍ തങ്ങളുടെ ലൊക്കേഷന്‍ വിലാസം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചുതുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് പേജ് വഴി തങ്ങളുടെ പ്രൊഫൈലുകള്‍ അപ്‌ഡേറ്റ് ചെയ്യാം. ആദ്യം ‘നാഷണല്‍ അഡ്രസി’ന്റെ https://address.gov.sa/en/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത്.

അന്‍വാന്‍ അല്‍വതനി എന്നറിയപ്പെടുന്ന നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ കെട്ടിടം നമ്പര്‍, സ്ട്രീറ്റിന്റെ പേര്, സ്ഥലപ്പേര്, നഗരം, പോസ്റ്റല്‍കോഡ് അല്ലെങ്കില്‍ സിപ് കോഡ്, ഫോണ്‍ നമ്പര്‍ തുടങ്ങി ആറുഅടിസ്ഥാന വിവരങ്ങളാണ് പ്രധാനമായും രേഖപ്പെടുത്തുന്നത്. അബ്ശിര്‍ സേവനത്തിന് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പരും ഇതില്‍ നല്‍കേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x