Currency

കമ്പനി ഉടമസ്ഥതയിലുള്ള കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ ചുവപ്പ് നിറത്തിലാക്കണം; മാര്‍ച്ച് മുതല്‍ പുതിയ നിയമം

സ്വന്തം ലേഖകന്‍Monday, February 26, 2018 3:10 pm

 

മസ്‌കത്ത്: കമ്പനി ഉടമസ്ഥതയിലുള്ള കാറുകളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍പ്ലേറ്റുകള്‍ ചുവപ്പു നിറത്തിലേക്ക് മാറ്റണം. ഗതാഗത നിയമഭേദഗതി നിലവില്‍ വരുന്ന മാര്‍ച്ച് ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ആര്‍.ഒ.പി ട്രാഫിക് വിഭാഗം അറിയിച്ചു. വലിയ വാഹനങ്ങള്‍ക്കും റെന്റ് എ കാറുകള്‍ക്കും മാത്രമാണ് നിലവില്‍ ചുവപ്പ് നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം.

തൊഴില്‍ ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് കീഴിലുള്ള കാറുകള്‍ പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. നിലവില്‍ ഈ വാഹനങ്ങളില്‍ ഭൂരിപക്ഷത്തിനും മഞ്ഞ നമ്പര്‍ പ്ലേറ്റുകളാണ് ഉള്ളത്. നിലവില്‍ കമ്പനികളിലെ കാറുകള്‍ അടക്കം ചെറുവാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ സമയത്ത് പേരു നല്‍കിയിരിക്കുന്നവര്‍ മാത്രമെ ഓടിക്കാന്‍ പാടുള്ളൂവെന്ന നിയമത്തിനും മാറ്റം വരും. മാര്‍ച്ച് മുതല്‍ കമ്പനികളിലെ കാറുകള്‍ അടക്കം ചെറുവാഹനങ്ങള്‍ ലൈസന്‍സ് ഉള്ള ആര്‍ക്കും ഓടിക്കാം.

കമ്പനി വാഹനങ്ങളുടെ വാര്‍ഷിക പരിശോധന സംബന്ധിച്ച നിയമത്തിലും ഭേദഗതിയുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത ചെറുവാഹനങ്ങളെ വാര്‍ഷിക പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് ഒന്നുമുതല്‍ ഇവ മറ്റു സ്വകാര്യ വാഹനങ്ങളെപോലെ പത്തുവര്‍ഷത്തിന് ശേഷം ടെസ്റ്റിന് കയറ്റിയാല്‍ മതിയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x