Currency

യാത്രക്കാര്‍ ചെക്-ഇന്‍ സമയം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Wednesday, March 14, 2018 1:14 pm

മസ്‌കത്ത്: പുതിയ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ യാത്രക്കാര്‍ ചെക്-ഇന്‍ സമയം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം. വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്നുമണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. വിസ കാന്‍സല്‍ ചെയ്യാനുള്ളവരാണെങ്കില്‍ നാലുമണിക്കൂര്‍ മുമ്പ് എത്തണം. ഈ സമയക്രമം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വിസുകള്‍ക്ക് ബാധകമാണെന്നും ഇതുസംബന്ധിച്ച് വിമാനക്കമ്പനി പ്രതിനിധികളുടെ ബോര്‍ഡ് രാജ്യത്തെ എല്ലാ ട്രാവല്‍ ഏജന്റുമാര്‍ക്കും നിര്‍ദേശം നല്‍കി.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കലും വിമാനങ്ങള്‍ സമയത്തിന് പുറപ്പെടുന്നുവെന്ന് ഉറപ്പാക്കലും ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ റസാഖ്.ജെ. അല്‍ റൈസി പറഞ്ഞു. അടുത്ത ചൊവ്വാഴ്ചയാണ് പുതിയ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുക. വൈകിട്ട് 5.30നാണ് പുതിയ ടെര്‍മിനലില്‍ ഇറാഖിലെ നജഫില്‍നിന്നുള്ള ആദ്യ വിമാനമിറങ്ങുക. 6.50ന് ആദ്യ വിമാനം പറന്നുയരും.

3,35,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പുതിയ ടെര്‍മിനലില്‍ ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടാകും. മികച്ച നിലവാരത്തോടെയും ആധുനിക സൗകര്യങ്ങളോടെയും നിര്‍മിച്ച പുതിയ വിമാനത്താവളത്തെ 2020ഓടെ ലോകത്തിലെ ഏറ്റവും മികച്ച 20 വിമാനത്താവളങ്ങളില്‍ ഒന്നായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x