
മസ്കത്ത്: പുതിയ വിമാനത്താവളത്തിലെ പാര്‍ക്കിങ്ങിന് അധിക തുക നല്‍കണം. പഴയ വിമാനത്താവളത്തിലെ പാര്‍ക്കിങ് നിരക്കുകളുടെ ഇരട്ടിയിലധികം തുക പുതിയ ടെര്‍മിനലില്‍ മുടക്കേണ്ടി വരും. ഹ്രസ്വസമയ, ദീര്‍ഘസമയ പാര്‍ക്കിങ് വിഭാഗങ്ങളിലായി എണ്ണായിരത്തോളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാണ് ഇവിടെ സൗകര്യമുള്ളത്. ഹ്രസ്വസമയ പാര്‍ക്കിങ് വിഭാഗത്തില്‍ അരമണിക്കൂറിന് 500 ബൈസയാണ് ഈടാക്കുന്നത്. പഴയ വിമാനത്താവളത്തിലും ഈ നിരക്ക് തന്നെയായിരുന്നു. അര മണിക്കൂര്‍ പിന്നിട്ടാല്‍ രണ്ടു റിയാല്‍ നല്‍കണം. നേരത്തേ ഒരു റിയാലായിയിരുന്നു ഈടാക്കിയിരുന്നത്.
ഒരു മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍ വരെ യഥാക്രമം മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് റിയാല്‍ എന്നീ ക്രമത്തിലാണ് ഈടാക്കുക. ആറു മണിക്കൂര്‍ മുതല്‍ ഒമ്പതു മണിക്കൂര്‍ വരെ പത്തു റിയാലും 12 മണിക്കൂര്‍ വരെ 15 റിയാലും 24 മണിക്കൂറിന് 24 റിയാലും നല്‍കണം. 24 മണിക്കൂറിന് ശേഷമുള്ള ഓരോ ദിവസവും 20 റിയാല്‍ എന്ന തോതില്‍ ഈ വിഭാഗത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനയുടമകള്‍ നല്‍കണം.
ദീര്‍ഘസമയ പാര്‍ക്കിങ് വിഭാഗത്തില്‍ ആദ്യദിവസം ഏഴു റിയാല്‍, രണ്ടു ദിവസത്തിന് 13 റിയാല്‍, മൂന്നു ദിവസത്തിന് 20 റിയാല്‍ എന്നിങ്ങനെയാണ് നല്‍കേണ്ടത്. പിന്നീടുള്ള ഓരോ ദിവസത്തിനും അഞ്ചു റിയാല്‍ വീതവും നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.