Currency

ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരുടെ വേതനം പരിഷ്‌കരിക്കും

സ്വന്തം ലേഖകന്‍Sunday, April 1, 2018 11:05 am

ഒമാന്‍: ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരുടെ വേതനം പരിഷ്‌കരിക്കാന്‍ തീരുമാനം. ഒമാനിലെ ഇരുപത് ഇന്ത്യന്‍ സ്‌കൂളുകളിലെ 1800ഓളം അധ്യാപകര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ലിംഗ വിവേചനം ഒഴിവാക്കി പുതിയ ഏകീകൃത ശമ്പള പാക്കേജാകും നടപ്പില്‍ വരുത്തുകയെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അറിയിച്ചു.

ഇന്ത്യന്‍ സ്‌കൂളില്‍ 80 ശതമാനവും വനിതാ അധ്യാപകരാണ് ഉള്ളത്. നിലവില്‍ പുരുഷ അധ്യാപകരേക്കാള്‍ ഇവര്‍ക്ക് വേതനം കുറവാണ്. പുതിയ ശമ്പളഘടന നടപ്പില്‍ വരുത്താന്‍ അടുത്ത ഏപ്രില്‍ മുതല്‍ അടുത്ത നാലു വര്‍ഷ കാലാവധിയാണ് ബോര്‍ഡ് സ്‌കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. നിലവില്‍ ഇന്റീരിയര്‍ മേഖലകളിലെ സ്‌കൂളുകളില്‍ വേതനം കുറവായതിനാല്‍ അധ്യാപകരെ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ട്.

വേതനം പരിഷ്‌കരിക്കുന്നതോടെ മികച്ച അധ്യാപകരെ തന്നെ ആകര്‍ഷിക്കാന്‍ സാധിക്കുന്ന അവസ്ഥ സാധ്യമാകുമെന്നും ബോര്‍ഡ് അറിയിച്ചു. പടിപടിയായുള്ള വളര്‍ച്ച ഉറപ്പാക്കുന്ന തരത്തിലാണ് വേതന പാക്കേജിന് രൂപം നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം ദേശീയ തൊഴില്‍ നിയമം അനുശാസിക്കുന്ന തരത്തിലുള്ള അലവന്‍സുകളും ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x