
മസ്‌കത്ത്: ഒമാനിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വദേശിവത്കരണ തോത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഈ വര്‍ഷം അവസാനത്തോടെ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ 70 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തീകരിച്ചിരിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി പുറത്തിറക്കിയ 2018/113ാം നമ്പര്‍ ഉത്തരവ് പറയുന്നു. അടുത്ത വര്‍ഷവും 2020ലും സ്വദേശിവത്കരണം 75 ശതമാനം എന്ന നിലവാരത്തില്‍ തുടരണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.
വിവിധ വിഭാഗങ്ങളില്‍ പാലിക്കേണ്ട സ്വദേശിവത്കരണ തോത് ഉത്തരവില്‍ വേര്‍തിരിച്ച് നിര്‍ദേശിക്കുന്നുണ്ട്. ഉയര്‍ന്ന തലത്തിലുള്ള അഡ്മിനിസ്‌ട്രേഷന്‍ ജോലികളില്‍ ഈ വര്‍ഷം 40 ശതമാനമാണ് സ്വദേശിവത്കരണ തോത് പൂര്‍ത്തിയാക്കേണ്ടത്. അടുത്ത വര്‍ഷം 45 ശതമാനവും 2020ല്‍ 50 ശതമാനവും സ്വദേശികളെ നിയമിക്കണം. മിഡില്‍ ലെവല്‍ അഡ്മിനിസ്‌ട്രേഷന്‍ ജോലികളില്‍ ഈ വര്‍ഷം 65 ശതമാനവും അടുത്ത വര്‍ഷവും 2020ലും 75 ശതമാനമവും സ്വദേശിവത്കരണ തോത് പൂര്‍ത്തിയാക്കണം.
സ്‌പെഷലൈസ്ഡ് പ്രഫഷനല്‍ ആന്‍ഡ് ഓപറേഷനല്‍ പ്രഫഷണല്‍ മേഖലയും ഈ വര്‍ഷവും 2019ലും 2020ലും 90 ശതമാനം എന്ന തോത് പാലിക്കുകയും വേണം. മലയാളികളെ വലിയ തോതില്‍ ബാധിക്കുന്നതാണ് സര്‍ക്കാറിന്റെ ഈ തീരുമാനം. നിരവധി മലയാളികള്‍ അടക്കം വിദേശികളാണ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ജോലി ചെയ്യുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.