
ദോഹ: റെന്റ് എ കാര്‍, ലീമോസിന്‍ ടാക്സി സ്ഥാപനങ്ങള്‍ക്കു വെവ്വേറെ ലൈസന്‍സ് വേണമെന്നു ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം. രണ്ടുസ്ഥാപനങ്ങളും ഒരുമിച്ചു നടത്തുന്നവര്‍ ആറുമാസത്തിനുള്ളില്‍ രണ്ടിനും പ്രത്യേക ലൈസന്‍സ് നേടണമെന്ന് മന്ത്രാലയം സമൂഹമാധ്യമങ്ങളില്‍ നല്കിയ പരസ്യത്തില്‍ വ്യക്തമാക്കുന്നു. ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്കു ലൈസന്‍സ് പുതുക്കിനല്‍കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് ഒറ്റ ലൈസന്‍സിലാണ് ഇരു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം. വ്യക്തികള്‍ക്കു നിശ്ചിതകാലത്തേക്ക് ഒരു കാര്‍ വാടകയ്ക്കു നല്‍കുന്നതാണ് റെന്റ് എ കാര്‍ സംവിധാനം. പുതിയതായി രാജ്യത്തേക്കെത്തുന്ന പ്രവാസികളാണ് റെന്റ് എ കാര്‍ സ്ഥാപനങ്ങളുടെ മുഖ്യ ഇടപാടുകാര്‍. ഒരാഴ്ചയോ അതിലേറെയോ രാജ്യത്തു തങ്ങുന്ന ചില വിനോദസഞ്ചാരികളും റെന്റ് എ കാര്‍ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്.
അതേസമയം ഹ്രസ്വയാത്രകള്ക്കുള്ള വാടക ടാക്സിയാണ് ലീമോസിന്‍. ലീമോസിന്‍ സ്ഥാപനങ്ങള്‍ തന്നെയാണു രാജ്യത്ത് റെന്റ് എ കാര്‍ ബിസിനസ് നടത്തുന്നതും. രണ്ടു സ്ഥാപനങ്ങളും ഒറ്റ ലൈസന്‍സില്‍ നടത്തുന്നവര്‍ക്കു വെവ്വേറെ വാണിജ്യ ലൈസന്‍സ് എടുക്കുന്നതിനു മന്ത്രാലയം ആറുമാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്കു രണ്ടുവരെ 40451808, 40451725 എന്നീ മന്ത്രാലയ നമ്പറുകളില്‍ ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.